മലയാളത്തില്‍ നിരവധി ഹിറ്റുകൾ സമ്മാനിച്ച റാഫി (Raffi) - ദിലീപ് (Dileep) കൂട്ടുകെട്ടിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'വോയിസ് ഓഫ് സത്യനാഥന്‍'. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് മാറ്റിവച്ചതായി അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് നടപടി.
ചിത്രം ജൂലൈ 14 ന് തിയറ്ററുകളില്‍ എത്തുമെന്നാണ് അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാലിപ്പോൾ സിനിമയുടെ റിലീസ് പ്രതികൂല കാലാവസ്ഥ മൂലം നീട്ടിവയ്‌ക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. പുതിയ റിലീസ് തിയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 28 ന് ചിത്രം തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തും.
'പ്രിയപ്പെട്ട പ്രേക്ഷകരെ വോയിസ് ഓഫ് സത്യനാഥന്‍റെ വരവിനായി കുറച്ചു ദിവസം കൂടി കാത്തിരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു'- എന്നാണ് അണിയറ പ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനാലും വരും ദിവസങ്ങളിൽ വീണ്ടും മഴ കനക്കും എന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുമാണ് കുടുംബ പ്രേക്ഷകർക്കായി ഒരുക്കിയ ചിത്രത്തിന്‍റെ റിലീസ് നീട്ടിയതെന്ന് നിർമാതാക്കള്‍ വ്യക്തമാക്കി.
കേരളത്തിനകത്തും കൂടാതെ ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിലും ചിത്രത്തിന്‍റെ പ്രൊമോഷൻ പരിപാടികൾ അടുത്തിടെ നടന്നിരുന്നു. കുടുംബ പ്രേക്ഷകർക്ക് തിയേറ്ററിൽ ആസ്വദിക്കാൻ സാധിക്കുന്ന ഫൺ റൈഡ് ആണ് ചിത്രമെന്നാണ് പ്രൊമോഷന്‍ പരിപാടികളില്‍ ദിലീപ് വ്യക്തമാക്കിയത്. സെൻസർ ബോർഡിന്‍റെ ക്ലീൻ യു സർട്ടിഫിക്കറ്റ് നേടിയ 'വോയിസ് ഓഫ് സത്യനാഥൻ' ബാദുഷ സിനിമാസിന്‍റെയും ഗ്രാന്‍റ് പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
ദിലീപിനൊപ്പം ജോജു ജോർജും (Joju George) ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. അനുപം ഖേർ, മകരന്ദ് ദേശ്‌പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, 'വിക്രം' ഫെയിം ജാഫർ സാദിഖ്, സിദ്ദിഖ്, ജോണി ആന്‍റണി, രമേശ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണ നന്ദകുമാർ, സ്‌മിനു സിജോ, അംബിക മോഹൻ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. കൂടാതെ അനുശ്രീ അതിഥി താരമായും എത്തും.
മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിയറ്ററുകളിലേക്ക് എത്തുന്ന ദിലീപ് ചിത്രമാണ് 'വോയിസ് ഓഫ് സത്യനാഥന്‍'. സംവിധായകൻ റാഫി തന്നെയാണ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നതും. 'പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, പാണ്ടിപ്പട' തുടങ്ങി റാഫി - ദിലീപ് കൂട്ടുകെട്ടില്‍ പിറവിയെടുത്ത സിനിമകളെല്ലാം മലയാളികളെ പൊട്ടിച്ചിരിപ്പിച്ച, തിയറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തിയവയായിരുന്നു. കൂടാതെ ചൈന ടൗണ്‍, റിംഗ് മാസ്റ്റർ എന്നി ചിത്രങ്ങളിലും ദിലീപും റാഫിയും കൈകോർത്തു. ഇപ്പോഴിതാ ഹിറ്റ് കോംബോ വീണ്ടും മടങ്ങിയെത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾ വാനോളമാണ്.
സ്വരുപ് ഫിലിപ്പ് ആണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം. ഷമീര്‍ മുഹമ്മദ്- എഡിറ്റിങ്. അങ്കിത് മേനോൻ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. മഞ്ജു ബാദുഷ, നീതു ഷിനോജ് എന്നിവരാണ് ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. രോഷിത് ലാൽ വി 14 ലവൻ സിനിമാസ്, പ്രിജിൻ ജെ പി, ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ (യു ഏ ഇ) എന്നിവർ കോ പ്രൊഡ്യൂസർമാരാണ്.