നാളേറെയായി ദിലീപ് Dileep ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വോയ്‌സ് ഓഫ് സത്യനാഥന്‍' Voice of Sathyanathan. ജനപ്രിയ നായകന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപനം മുതല്‍ തന്നെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ജൂലൈ 14നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
റിലീസിനോടടുക്കുന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണിപ്പോള്‍ അണിയറക്കാര്‍. 'വോയ്‌സ് ഓഫ് സത്യനാഥന്‍റെ' പ്രൊമോഷനുമായി ബന്ധപ്പെട്ട് താരം കഴിഞ്ഞ ദിവസം ഖത്തറില്‍ എത്തിയിരുന്നു. ഖത്തറില്‍ നിന്നുള്ള ദിലീപിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.
'വോയ്‌സ് ഓഫ് സത്യനാഥന്‍' ടീം അംഗങ്ങളും ദിലീപിനൊപ്പം പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുത്തു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പ്രൗഢ ഗംഭീരമായ ചടങ്ങാണ് ഖത്തറില്‍ അരങ്ങേറിയത്. ഖത്തറിലെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് ശേഷം താരം കൊച്ചി മെട്രോയിലും കയറി. കൊച്ചി മെട്രോയില്‍ നിന്നുള്ള ദിലീപിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
അടുത്തിടെ സിനിമയുടെ സെൻസറിങ് പൂര്‍ത്തിയായിരുന്നു. 'വോയ്‌സ് ഓഫ് സത്യനാഥന്' ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ദിലീപും ജോജുവും ഒന്നിച്ചുള്ള പോസ്‌റ്റര്‍ പങ്കുവച്ച് കൊണ്ടാണ് സെന്‍സറിങ് പൂര്‍ത്തിയാക്കിയ വിവരം അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചത്. സത്യനാഥനില്‍ കളങ്കമില്ല എന്ന ടാഗ്‌ലൈനോടു കൂടിയുള്ളതായിരുന്നു സിനിമയുടെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് പോസ്‌റ്റര്‍.
കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാനുള്ള ഫൺ റൈഡർ ചിത്രമായാണ് 'വോയ്‌സ് ഓഫ് സത്യനാഥന്‍' അണിയിച്ചൊരുക്കിയിരിക്കുന്നത്. കോമഡിയും ത്രില്ലറും ചേര്‍ന്ന ഒരു ഫുള്‍ ഫണ്‍ ഫാമിലി എന്‍റര്‍ടെയ്‌നറായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. നർമ്മത്തിന് പ്രധാന്യം നൽകി ആസ്വാദന മിഴിവേകുന്ന കാഴ്‌ചകൾ തിയേറ്ററുകളില്‍ സമ്മാനിക്കുമെന്ന ഉറപ്പിലാണ് അണിയറപ്രവര്‍ത്തകര്‍.