ധ്യാൻ ശ്രീനിവാസൻ, മുകേഷ്, ഉർവ്വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അയ്യർ ഇൻ അറേബ്യ'. സിനിമ ജീവിതത്തിന്‍റെ ഇരുപത്തിയഞ്ചാം വർഷത്തിലാണ് എം എ നിഷാദ് പുതിയ ചിത്രവുമായി എത്തുന്നത്. ഇപ്പോഴിതാ 'അയ്യർ ഇൻ അറേബ്യ'യിലെ ആദ്യ വീഡിയോ ഗാനം ശ്രദ്ധ നേടുകയാണ്.
'അയ്യര് കണ്ട ദുബായ്...' എന്ന് തുടങ്ങുന്ന ഗാനം മികച്ച പ്രതികരണമാണ് നേടുന്നത് (Iyyeru Kanda Dubai Video Song from Iyer In Arabia movie). മനു മഞ്ജിത്തിന്‍റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ആനന്ദ് മധുസൂദനൻ ആണ്. മിഥുൻ ജയരാജ്, മിന്നലെ നസീർ, അശ്വിൻ വിജയ്, ഭരത് സജികുമാർ, ആനന്ദ് മധുസൂദനൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്‌ണ എന്നിവരും 'അയ്യര്‍ ഇന്‍ അറേബ്യ'യിൽ പ്രധാന വേഷങ്ങളിലുണ്ട്. 'അയ്യര് കണ്ട ദുബായ്' എന്നായിരുന്നു ചിത്രത്തിന് ആദ്യം പേര് നൽകിയിരുന്നത്. പിന്നീടിത് 'അയ്യർ ഇൻ അറേബ്യ' എന്നാക്കി മാറ്റുകയായിരുന്നു. സംവിധായകൻ എംഎ നിഷാദ് തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയത്.
വെൽത്ത് ഐ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വിഘ്‌നേഷ് വിജയ കുമാറാണ് ഈ ചിത്രം നിർമിക്കുന്നത്. ഈ ബാനറിൽ ഒരുങ്ങുന്ന ആദ്യ സിനിമ കൂടിയാണ് 'അയ്യർ ഇൻ അറേബ്യ'. ജാഫർ ഇടുക്കി, അലൻസിയർ, മണിയൻപിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്‌ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്‌മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൗമ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.