തെന്നിന്ത്യൻ സിനിമാലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രത്തിന്‍റെ റിലീസാണ് നാളെ നടക്കാൻ പോകുന്നത്. തമിഴകത്തിന്‍റെ സ്റ്റൈൽ മന്നൻ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്‌കുമാർ സംവിധാനം ചെയ്‌ത 'ജയിലർ' ആണ് നാളെ തിയേറ്ററുകളിലേക്ക് എത്തുന്നത്. എന്നാല്‍ മലയാളത്തില്‍ നിന്ന് മറ്റൊരു 'ജയിലർ' കൂടി നാളെ പ്രേക്ഷകർക്കരികില്‍ എത്തുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു.
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്യുന്ന 'ജയിലർ' എന്ന മലയാള ചിത്രവും നാളെ ആയിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. ഒരേ പേരിലുള്ള രണ്ട് ചിത്രങ്ങൾ ഒരേ ദിവസം റിലീസിനെത്തുന്നു എന്ന അപൂർവതയ്‌ക്കായിരുന്നു സിനിമ ലോകം സാക്ഷ്യം വഹിക്കാനിരുന്നത്. എന്നാല്‍ മലയാളം ചിത്രം 'ജയിലറു'ടെ റിലീസ് ഇപ്പോൾ മാറ്റിവച്ചിരിക്കുകയാണ്. ചിത്രത്തിന്‍റെ സംവിധായകൻ സക്കീര്‍ മഠത്തില്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 18 ലേക്കാണ് ചിത്രത്തിന്‍റെ റിലീസ് മാറ്റിവച്ചിരിക്കുന്നത്.
നേരത്തെ രജനി ചിത്രം വരുന്നതിനാല്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന തങ്ങളുടെ ചിത്രത്തിന് കേരളത്തില്‍ പല സെന്‍ററുകളിലും തിയേറ്റര്‍ നിഷേധിക്കപ്പെടുകയാണെന്ന് ആരോപിച്ച് സംവിധായകന്‍ സക്കീര്‍ മഠത്തില്‍ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ മാത്രം 300 ഓളം തിയേറ്ററുകളിലാണ് തമിഴ് ചിത്രം ജയിലര്‍ എത്തുന്നത്. ഈ സാഹചര്യത്തിലാണ് ധ്യാനിന്‍റെ പടത്തിന്‍റെ റിലീസ് മാറ്റിവച്ചിരിക്കുന്നത്.
കൊച്ചിയിലെ ഫിലിം ചേംബര്‍ ഓഫിസിന് മുന്നില്‍ സക്കീര്‍ മഠത്തില്‍ ഒറ്റയാള്‍ സമരം നടത്തിയതും വാർത്തയായിരുന്നു. തന്‍റെ ചിത്രത്തിന് തിയേറ്റര്‍ ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സക്കീര്‍ മഠത്തിലിന്‍റെ സമരം. തങ്ങളുടെ 'ജയിലറി'ന് നിലവിൽ 40 തിയേറ്ററുകള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നതെന്നും ഇപ്പോഴത്തെ നിലയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ അതും നഷ്‌ടപ്പെടുമോ എന്നാണ് ഭയക്കുന്നതെന്നും അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.