മലയാളത്തിലെ യുവതാര നിരയില്‍ ശ്രദ്ധേയനായ ധ്യാന്‍ ശ്രീനിവാസന്‍റേതായി (Dhyan Sreenivasan) നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. അക്കൂട്ടത്തില്‍ ഏറെ പ്രധാനപ്പെട്ട ഒരു ചിത്രമാണ് 'നദികളില്‍ സുന്ദരി യമുന' (Nadhikalil Sundari Yamuna). നവാഗതരായ വിജേഷ് പനത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം സെപ്‌റ്റംബർ 15ന് തിയേറ്ററുകളിലെത്തും.
അജു വര്‍ഗീസും (Aju Varghese) ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. സിനിമാറ്റിക്ക ഫിലിംസ് എല്‍എല്‍പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെ നിര്‍മാണം. വാട്ടർമാൻ മുരളിയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് 'നദികളില്‍ സുന്ദരി യമുന'യുടെ പശ്ചാത്തലം എന്നാണ് വിവരം.
നാട്ടുമ്പുറത്തെ സാധാരണക്കാരായ ഒരുകൂട്ടം മനുഷ്യരുടെ ജീവിതത്തിലേക്കാണ് ചിത്രം വെളിച്ചം വീശുന്നത്. കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ കണ്ണന്‍ എന്ന കഥാപാത്രമായി എത്തുമ്പോൾ അജു വര്‍ഗീസാണ് വിദ്യാധരനായി വേഷമിടുന്നത്.
സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആമി, പാര്‍വ്വണ, ഉണ്ണിരാജ, വിസ്‌മയ ശശികുമാർ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മനു മഞ്ജിത്ത്, ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അരുണ്‍ മുരളീധരന്‍ ആണ്. ഇതുവരെ പുറത്തുവിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ മികച്ച പ്രതികരണം നേടിയിരുന്നു. 'പുതുനാമ്പുകള്‍' (Puthunaambukal) എന്ന ഗാനമാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയത്. മനു മഞ്ജിത്തിന്‍റേതായിരുന്നു വരികൾ. സംഗീത സംവിധായകൻ അരുണ്‍ മുരളീധരൻ തന്നെയാണ് 'പുതുനാമ്പുകള്‍' ആലപിച്ചിരിക്കുന്നതും.
പ്രേക്ഷക ഹൃദയങ്ങളെ തൊട്ടുണര്‍ത്തുന്നതായിരുന്നു ഈ ഗാനം. 2.40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാന രംഗത്തിലുടനീളം കൈ ഒടിഞ്ഞ് വിശ്രമത്തില്‍ കഴിയുന്ന ധ്യാന്‍ ശ്രീനിവാസന്‍റെ കഥാപാത്രത്തെയാണ് കാണാനാവുക. വിവാഹ സ്വപ്‌നങ്ങള്‍ കാണുകയാണ് ധ്യാനിന്‍റെ കണ്ണന്‍ എന്ന കഥാപാത്രം.
ശങ്കര്‍ ശര്‍മയാണ് ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഫൈസല്‍ അലി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് രതിന്‍ രാധാകൃഷ്‌ണന്‍ ആണ്. കലാസംവിധാനം അജയന്‍ മങ്ങാടും നിർവഹിക്കുന്നു.
മേക്കപ്പ് - ജയന്‍ പൂങ്കുളം, കോസ്റ്റ്യും ഡിസൈന്‍ - സുജിത് മട്ടന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - പ്രിജിന്‍ ജെസി, പ്രോജക്‌ട് ഡിസെെന്‍ - അനിമാഷ്, വിജേഷ് വിശ്വം.ഫിനാന്‍സ് കണ്‍ട്രോളര്‍ - അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ - മെഹമൂദ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സജീവ് ചന്തിരൂര്‍, ഫോട്ടോ - സന്തോഷ് പട്ടാമ്പി, ഡിജിറ്റൽ മാർക്കറ്റിങ് - യെല്ലോടൂത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
READ ALSO:Dhyan Sreenivasan| 'വിവാഹം കഴിക്കാനുള്ള സ്വപ്‌നങ്ങളുമായി ധ്യാന്‍'; നദികളില്‍ സുന്ദരി യമുനയിലെ പുതിയ ഗാനം പുറത്ത്