ധനുഷ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അരുൺ മാതേശ്വരൻ തിരക്കഥയെഴുതി, സംവിധാനം ചെയ്യുന്ന 'ക്യാപ്റ്റൻ മില്ലർ'. ചിത്രത്തിലെ ഓരോ അപ്‌ഡേറ്റുകൾക്കും വലിയ വരവേൽപ്പൊരുക്കുന്ന ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിലെ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്. 'ക്യാപ്റ്റൻ മില്ലറി'ലെ 'കോറനാര്...' എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത് (Dhanush Starrer Captain Miller movie Koranaaru Lyrical Video).
സരിഗമ തമിഴിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചുരുങ്ങിയ സമയംകൊണ്ട് 1 മില്യണിലേറെ കാഴ്‌ചക്കാരെ വീഡിയോ യൂട്യൂബിൽ സ്വന്തമാക്കി കഴിഞ്ഞു. തുടി താളത്തിന്‍റെ അകമ്പടിയോടെ എത്തിയ ഗാനത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജി വി പ്രകാശ് കുമാര്‍ ആണ്.
ഉമാദേവിയുടേതാണ് വരികള്‍. 'തെനിസൈ തെൻഡ്രല്‍' ദേവ, സന്തോഷ് ഹരിഹരൻ, അലക്‌സാണ്ടര്‍ ബാബു എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ധനുഷിനൊപ്പം, 'ക്യാപ്റ്റൻ മില്ലറി'ൽ പ്രധാന വേഷത്തിൽ എത്തുന്ന ഡോ. ശിവ് രാജ് കുമാറും തകർപ്പൻ ചുവടുകളുമായി ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ധനുഷിന്‍റെ 47-ാമത് ചിത്രം കൂടിയായ 'ക്യാപ്റ്റൻ മില്ലറിൽ പ്രിയങ്ക അരുള്‍ മോഹനാണ് നായികയായി എത്തുന്നത്.
നാസർ, ബാല ശരവണൻ, ജോൺ കോക്കൻ, മൂർ, സന്ദീപ് കിഷൻ, നിവേദിത സതീഷ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. ഒരു ആക്ഷൻ ചിത്രമായിരിക്കും ക്യാപ്റ്റൻ മില്ലര്‍ എന്ന് ഏതാണ്ട് വ്യക്തമാണ്. നേരത്തെ പുറത്തുവന്ന പോസ്റ്ററുകളെല്ലാം ഇക്കാര്യം ശരിവയ്‌ക്കുന്നതാണ്.