പ്രേക്ഷക പ്രിയ താരം ധനുഷ് (Dhanush) പ്രധാന വേഷത്തിലെത്തുന്ന 'ക്യാപ്റ്റൻ മില്ലർ' (Captain Miller) ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. 'റോക്കി, സാനി കായിതം' എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ക്യാപ്റ്റൻ മില്ലർ'. ബിഗ് ബജറ്റ് ആക്ഷൻ പീരിയഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ പോസ്റ്റർ ആരാധകരെയാകെ ആവേശത്തിൽ ആക്കിയിരിക്കുകയാണ്.
യുദ്ധ ഭൂമിയിൽ മരണപ്പെട്ടവർക്കിടയിൽ ഒരു വലിയ ആയുധവുമേന്തി നിൽക്കുന്ന ധനുഷിന്‍റെ ചിത്രമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ബഹുമാനമാണ് സ്വാതന്ത്ര്യമെന്ന് അർഥം വരുന്ന 'റെസ്‌പെക്‌ട് ഈസ് ഫ്രീഡം' എന്ന ക്യാപ്ഷനോട് കൂടിയാണ് പോസ്‌റ്റർ എത്തിയിരിക്കുന്നത്. ധനുഷിന്‍റെ വേറിട്ട ലുക്കും കയ്യടി നേടുന്നു.
നീണ്ടമുടിയും കട്ട താടിയുമായുള്ള ധനുഷിനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാനാവുക. ഏതായാലും ഇതുവരെ കാണാത്ത ഒരു ധനുഷിനെയാകും ക്യാപ്‌റ്റൻ മില്ലർ കാണികൾക്ക് സമ്മാനിക്കുക എന്ന സൂചനയും പോസ്റ്റർ മുന്നോട്ട് വയ്‌ക്കുന്നുണ്ട്.
ഒരേ സമയം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ക്യാപ്‌റ്റൻ മില്ലർ പുറത്തിറങ്ങുക. ധനുഷിന്‍റെ ഇതുവരെയുള്ള ചിത്രങ്ങളിൽ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം കൂടിയാകും 'ക്യാപ്റ്റൻ മില്ലർ'. കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ, തെലുങ്ക് താരം സുന്ദീപ് കിഷൻ, പ്രിയങ്കാ മോഹൻ എന്നിവരും ചിത്രത്തിൽ ധനുഷിനൊപ്പം പ്രധാന വേഷങ്ങളിലുണ്ട്.
ശ്രേയസ് കൃഷ്‌ണ ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് നാഗൂരനാണ്. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകുന്നത്.
അതേസമയം 'രാഞ്ജന' (Raanjhana ) സംവിധായകൻ ആനന്ദ് എൽ റായിയുമായി വീണ്ടും കൈകോർക്കാൻ ഒരുങ്ങുകയാണ് ധനുഷ്. ഈ കൂട്ടുകെട്ടിലൊരുങ്ങിയ ആദ്യ ചിത്രമായ 'രാഞ്ജന'യുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ സിനിമയുടെ പ്രഖ്യാപനം നടന്നത്. 'തേരെ ഇഷ്‌ക് മേ' (Tere Ishk Mein) എന്നാണ് പുതിയ സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്.
ചിത്രത്തിലെ ധനുഷിന്‍റെ കഥാപാത്രമായ ശങ്കറുടെ വിവരണത്തോട് കൂടിയുള്ള അനൗണ്‍സ്‌മെന്‍റ് വീഡിയോ ആണ് അണിയറ പ്രവർത്തകർ നേരത്തെ പുറത്ത് വിട്ടത്. വീഡിയോയില്‍ മൊളോടോവ് കോക്ടെയ്ൽ Molotov cocktail (കത്തുന്ന ദ്രാവകം നിറച്ച കുപ്പി) കയ്യിലേന്തി ഇരുട്ട് നിറഞ്ഞ വഴിയിലൂടെ ഓടുന്ന ധനുഷിനെയാണ് കാണാനാവുക. 'രാഞ്ജന'യിലെ കഥാപാത്രത്തോട് ചേർന്ന് നിൽക്കുന്നതാണ് 'തേരേ ഇഷ്‌ക് മേ'യിലെ ധനുഷിന്‍റെ കഥാപാത്രവും.
2013ല്‍ പുറത്തിറങ്ങിയ 'രാഞ്‌ജന'യ്‌ക്ക് ശേഷം സംവിധായകന്‍ ആനന്ദ് എല്‍ റായും ധനുഷും 'അത്രംഗി രേ' (Atrangi Re -2021) എന്ന ചിത്രത്തിന് വേണ്ടി നേരത്തേ ഒന്നിച്ചിരുന്നു. ധനുഷിനൊപ്പം വീണ്ടും ഒന്നിക്കാനായതിൽ സന്തോഷമുണ്ടെന്നും സംവിധായകന്‍ അറിയിച്ചു.
കൂടാതെ പ്രശസ്‌ത സംവിധായകന്‍ മാരി സെല്‍വരാജിനൊപ്പമുള്ള ചിത്രവും ധനുഷിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 2021ലെ തമിഴ് ഹിറ്റ് ചിത്രം 'കർണന്' ശേഷമാണ് മാരി സെൽവരാജുമായി ധനുഷ് ഒന്നിക്കുന്നത്. ധനുഷിൻ്റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസാണ് പുതിയ ചിത്രം നിര്‍മിക്കുക. 'കർണൻ്റെ' രണ്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് പുതിയ സിനിമയുടെ പ്രഖ്യാപനം നടന്നത്.
READ MORE:രാഞ്ജനയുടെ 10-ാം വാര്‍ഷികത്തില്‍ തേരേ ഇഷ്‌ക് മേ, വീണ്ടും ധനുഷും ആനന്ദ് എല്‍ റായിയും ; അനൗണ്‍സ്‌മെന്‍റ് വീഡിയോ പുറത്ത്