മെല്‍ബണ്‍: ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലിന്‍റെ ഭാര്യയും നർത്തകിയുമായ ധനശ്രീ വർമ ടി20 ലോകകപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് പിന്തുണയുമായി ഓസ്‌ട്രേലിയയില്‍. വിമാനത്തിനുള്ളില്‍ നിന്നുള്ള ചിത്രം ഇന്‍സ്‌റ്റഗ്രാമിലൂടെ പങ്കുവച്ച ശേഷമാണ് ഓസ്‌ട്രേലിയയിലെത്തിയ വിവരം ധനശ്രീ അറിയിച്ചത്. അതേസമയം ചിത്രത്തിന് നടിയും മോഡലുമായ ഉര്‍വശി റൗട്ടേലയെ ട്രോളി ധനശ്രീ നല്‍കിയ അടിക്കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച വിഷയം.
ഉര്‍വശി റൗട്ടേലയെ ട്രോളി, ഓസീസിലെത്തിയ വിവരം പങ്കുവെച്ച് ധനശ്രീ വെര്‍മ - യുസ്‌വേന്ദ്ര ചാഹല്‍
യുസ്‌വേന്ദ്ര ചഹലിന്‍റെ ഭാര്യയും നർത്തകിയുമായ ധനശ്രീ വെര്‍മ ടി20 ലോകകപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിനും താരത്തിനും പിന്തുണയുമായി ഓസീസിലെത്തിയ വിവരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്.
'എന്‍റെ പ്രണയം എന്നെ ഓസ്ട്രേലിയയിലേക്ക് നയിച്ചു' എന്ന വാചകത്തോടെയാണ് ധനശ്രീയുടെ ചിത്രത്തിന് അടിക്കുറിപ്പ് ആരംഭിക്കുന്നത്. ധനശ്രീ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ് ഏറ്റെടുത്ത ആരാധകര്‍ സമാന രീതിയില്‍ ഉര്‍വശി റൗട്ടേല പങ്കുവച്ച ചിത്രവും അടിക്കുറിപ്പും ഓര്‍ത്തെടുത്തു. നിരവധിപേരാണ് ഇതിനോടകം തന്നെ ധനശ്രീയുടെ പോസ്‌റ്റ് ഉര്‍വശിയെ ട്രോളുന്നതാണെന്ന് ചൂണ്ടിക്കാട്ടി കമന്‍റ് ബോക്‌സില്‍ അഭിപ്രായങ്ങള്‍ പോസ്‌റ്റ് ചെയ്‌തത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തുമായുള്ള ബന്ധത്തിന്‍റെ പേരിലാണ് ഉര്‍വശി റൗട്ടേല അടുത്തിടെയായി വാര്‍ത്ത തലക്കെട്ടുകളില്‍ ഇടം പിടിച്ചത്. ലോകകപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലെത്തിയതിന് പിന്നാെല നടിയും മോഡലുമായ ഉര്‍വശി റൗട്ടേലയും ഓസീസിലേക്കെത്തിയിരുന്നു. അതിന് പിന്നാലെ താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ച ചിത്രവും, 'എന്‍റെ ഹൃദയത്തെ പിന്തുടർന്നു, അത് എന്നെ ഓസ്ട്രേലിയയിലേക്ക് നയിച്ചു' എന്ന അടിക്കുറിപ്പും സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.