രണ്‍വീര്‍ സിങിനെ കേന്ദ്രകഥാപാത്രമാക്കി രോഹിത് ഷെട്ടി ഒരുക്കുന്ന 'സര്‍ക്കസി'ലെ വീഡിയോ ഗാനം പുറത്തിറങ്ങി. സിനിമയിലെ 'കറന്‍റ് ലഗാ റേ' എന്ന ഗാനമാണ് റിലീസ് ചെയ്‌തത്. രണ്‍വീറിനൊപ്പം തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി എത്തുന്ന ദീപികയേയാണ് ഗാനരംഗത്തില്‍ കാണാനാവുക.
'സര്‍ക്കസി'ലെ ഗാനരംഗത്തില്‍ മാത്രമാണ് ദീപിക പ്രത്യക്ഷപ്പെടുന്നത്. ദീപികയും രണ്‍വീറും തങ്ങളുടെ ഇന്‍സ്‌റ്റഗ്രാം പേജുകളില്‍ ഗാനം പങ്കുവച്ചിട്ടുണ്ട്. 'കറന്‍റ് ലഗാ രേ', 'സര്‍ക്കസ് ക്രിസ്‌മസില്‍' എന്നീ ഹാഷ്‌ടാഗുകളോടു കൂടിയാണ് താരദമ്പതികള്‍ ഗാനം പുറത്തുവിട്ടിരിക്കുന്നത്.
തമിഴിലാണ് ഗാനം ആരംഭിക്കുന്നത്. തമിഴില്‍ തുടങ്ങി ഹിന്ദിയിലേക്കാണ് ഗാനത്തിന്‍റെ പോക്ക്. 'കറന്‍റ് ലഗാ റേ'യുടെ തമിഴ് വരികള്‍ രചിച്ചിരിക്കുന്നത് ഹരിയും ഹിന്ദി വരികള്‍ രചിച്ചിരിക്കുന്നത് കുമാറുമാണ്. ലിജോ ജോര്‍ജ്, ഡിജെ ചേതാസ് എന്നിവരുടെ സംഗീതത്തില്‍ നകാഷ് അസീസ്, ധ്വനി ബനുഷാലി, ജോനിത ഗാന്ധി, ലിജോ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'കറന്‍റ് ലഗാ റേ'യുടെ തമിഴ് റാപ്പ് ഭാഗം ആലപിച്ചിരിക്കുന്നത് വിവേക് ഹരിഹരനാണ്.
'83' എന്ന സിനിമയിലാണ് രണ്‍വീര്‍ സിങും ദീപിക പദുകോണും ഏറ്റവും ഒടുവിലായി ഒന്നിച്ചെത്തിയത്. 'രാം ലീല' (2013), 'ബജ്‌റാവോ മസ്‌താനി' (2015), 'പദ്‌മാവത്' (83) എന്നിവയാണ് ഇരുവരും ഒരുമിച്ച മറ്റു പ്രധാന ചിത്രങ്ങള്‍.