മുംബൈ :ലോകമൊട്ടാകെ ചർച്ച ചെയ്യപ്പെട്ട ഓസ്‌കറിലെ റെഡ് കാർപ്പറ്റിലെ തൻ്റെ ലുക്കിനുശേഷം ദീപിക തൻ്റെ അടുത്ത വ്യത്യസ്തമായ ലുക്കുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. ഇന്ത്യൻ സ്‌പോർട്‌സ് ഹോണേഴ്‌സ് 2023-ന് (Indian Sports Honors 2023). വേണ്ടി താൻ ധരിച്ച വസ്‌ത്രത്തിൻ്റെ ചിത്രങ്ങൾ തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചിരിക്കുകയാണ് നടി. ഭർത്താവും നടനുമായ രൺവീർ സിങ്ങിനൊപ്പം പങ്കെടുത്ത ചടങ്ങിൽ ധരിക്കാൻ ദീപിക തിരഞ്ഞെടുത്തത് പരമ്പരാഗത ഇന്ത്യൻ സാരിയാണ്.
ഇരുവരും പങ്കെടുത്ത പരിപാടിയിൽ മുഖ്യ ആകർഷണമായത് ഒരേ സമയം താരദമ്പതികൾക്ക് ഗുണവും ദോഷവും വരുത്തിവച്ചിരിക്കുകയാണ്. തങ്ങളുടെ സ്റ്റൈലിൻ്റെ കാര്യത്തിൽ എന്നും എവിടെ നിന്നും നല്ലതുമാത്രം കേട്ടുശീലിച്ച ദമ്പതികൾ പാപ്പരാസി മാധ്യമങ്ങളുടെ പിടിയിൽ അകപ്പെടുകയായിരുന്നു. 'അവരുടെ പറുദീസയിൽ പ്രശ്‌നങ്ങൾ' എന്ന തലക്കെട്ടോടുകൂടിയായിരുന്നു മാധ്യമങ്ങൾ ഇരുവരുടെയും അവാർഡ് വേദിയിലെ സാന്നിധ്യത്തെ കുറിച്ച് വാർത്ത കൊടുത്തത്.
ഇവൻ്റിൽ നിന്നുള്ള നിരവധി വീഡിയോകളും ചിത്രങ്ങളും ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം മാധ്യമങ്ങൾ ദീപിക അവാർഡ് ഷോയിൽ രൺവീറിൻ്റെ കൈ പിടിക്കുന്നത് ഒഴിവാക്കിയതായി കണ്ടുപിടിക്കുകയായിരുന്നു. അതേ സമയം രൺവീർ കൈ നീട്ടിയത് ദീ പിക ശ്രദ്ധിച്ചിട്ടുണ്ടാകില്ല എന്നാണ് ഒരു പറ്റം ആരാധകർ പറയുന്നത്. ദീപികയ്ക്കും രൺവീറിനും ഇടയിൽ പ്രശ്‌നങ്ങളുണ്ടോ എന്ന പാപ്പരാസി മാധ്യമങ്ങളുടെ ചർച്ചയ്ക്കിടെയാണ് ദീപിക തൻ്റെ ഏറ്റവും പുതിയ ലുക്കായ കറുത്ത ഇന്ത്യൻ സാരിയണിഞ്ഞുള്ള തൻ്റെ ഫോട്ടോ ഷൂട്ട് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചത്. 'എല്ലാം ക്ലാസിക് ആയി നിലനിർത്തി' എന്ന അടിക്കുറിപ്പോടെ വെളുത്ത ഒരു ഹാർട്ട് ഇമോജിയും കൂട്ടിച്ചേർത്താണ് താരം തൻ്റെ മൂന്ന് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.