ലോസ് ആഞ്ചലസ് :ഇന്ത്യൻ സിനിമയെ ഓസ്‌കറിൽ മുത്തമിടീച്ച നാട്ടു നാട്ടുവിന്‍റെ അംഗീകാര പ്രഖ്യാപനം വന്നപ്പോള്‍ വികാരഭരിതയായി ദീപിക പദുകോൺ. അവാർഡ് പ്രഖ്യാപനത്തിന് മുമ്പായി ഓസ്‌കർ വേദിയെ ത്രസിപ്പിച്ച് നാട്ടു നാട്ടു ഗാനം അരങ്ങേറിയിരുന്നു. ദീപിക പദുകോണിന്‍റെ അവതരണത്തോടെയാണ് തത്സമയം ഗാനം വേദിയിൽ അവതരിപ്പിച്ചത്. 'നാട്ടു നാട്ടു' ഗായകരായ കാലഭൈരവയും രാഹുൽ സിപ്ലിഗഞ്ചും ഓസ്‌കർ വേദിയിൽ ഗാനം അവതരിപ്പിച്ചു. എസ് എസ് രാജമൗലിയുടെ ആർ ആർ ആറിലെ 'നാട്ടു നാട്ടു' 95-ാമത് അക്കാദമി അവാർഡ് നേടിയപ്പോൾ അണിയറ പ്രവർത്തകരെ പോലെ തന്നെ ആഹ്ളാദവതിയായിരുന്നു ദീപിക.
Also Read: Oscar 2023 | ഡോള്‍ബിയില്‍ ഇന്ത്യന്‍ ദീപാവലിയായി 'നാട്ടു നാട്ടു' ; മികച്ച ഗാനത്തിനുള്ള ഓസ്‌കര്‍
മികച്ച ഒറിജിനൽ ഗാനത്തിനുള്ള അവാർഡ് 'നാട്ടു നാട്ടു' എന്ന് പ്രഖ്യാപിച്ചപ്പോൾ ചിത്രത്തിലെ പ്രധാന താരങ്ങളായ രാം ചരണും ജൂനിയർ എൻടിആറും പരസ്‌പരം ആലിംഗനം ചെയ്‌തതും ആർ ആർ ആർ സിനിമയുടെ പിന്നണി പ്രവർത്തകരുടെ ആഘോഷവും രാം ചരണിന്‍റെ ഭാര്യ ഉപാസന കാമിനേനി തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ പങ്കുവച്ചിരുന്നു.
ഇതേസമയം ബോളിവുഡ് സൂപ്പര്‍ താരം ദീപികയുടെ മുഖഭാവങ്ങളും ക്യാമറ കണ്ണുകളിൽ ഉടക്കിയിരുന്നു. സംഗീതസംവിധായകൻ എം എം കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും അവാര്‍ഡ് ഏറ്റുവാങ്ങുകയും കീരവാണി മറുപടി പ്രസംഗം പാട്ടുപോലെ പാടിയപ്പോഴും കണ്ണുകൾ നിറഞ്ഞ ദീപികയുടെ സന്തോഷം സമൂഹ മാധ്യമങ്ങളിലിപ്പോൾ വൈറൽ ആണ്.
Also Read: Oscar 2023 : ഓസ്‌കറില്‍ ഇന്ത്യന്‍ വസന്തം ; 'നാട്ടു നാട്ടു' മികച്ച ഗാനം, 'ദ എലിഫന്‍റ് വിസ്‌പറേഴ്‌സ്' മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം
ഡോൾബി തിയേറ്ററിനെ ഇളക്കി മറിച്ചാണ് 'നാട്ടു നാട്ടു' വേദിയിൽ അരങ്ങേറിയത്. ആഗോള തലത്തിൽ പ്രശസ്‌തരായ 16 പേര്‍ ഓസ്‌കർ വേദിയിൽ അവതാരകരായെത്തിയിരുന്നു. കറുത്ത ഓഫ് ഷോൾഡർ ലൂയിസ് വിറ്റൺ ഗൗണിൽ അതിമനോഹരിയായാണ് ദീപിക പദുകോൺ വേദിയിലെത്തിയത്. ഗ്ലോബല്‍ സെൻസേഷൻ എന്നാണ് ദീപിക പാട്ടിനെ വിശേഷിപ്പിച്ചത്. ദീപികയുടെ ഓരോ വാക്കുകളെയും നിറഞ്ഞ കയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്. ഒരു ഇന്ത്യൻ ഗാനത്തിന് ഒരു അന്താരാഷ്‌ട്ര വേദിയിൽ അടുത്ത കാലത്ത് കിട്ടുന്ന മികച്ച പ്രതികരണമാണ് ഓസ്‌കർ വേദിയിൽ നിന്ന് 'നാട്ടു നാട്ടുവിന്' ലഭിച്ചത്.
പൊന്നിൻ തിളക്കത്തിൽ മികച്ച 'എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്' : ചിത്രം, സംവിധായകന്‍, നടി, സഹനടന്‍, സഹനടി, എഡിറ്റര്‍, ഒറിജിനല്‍ സ്ക്രീന്‍പ്ലേ എന്നിങ്ങനെ ഏഴ് പുരസ്‌കാരങ്ങൾ നേടി 95ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങളില്‍ പൊന്നിൻ തിളക്കവുമായാണ് 'എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്'. ഡാനിയൽ ക്വാനും ഡാനിയൽ ഷീനെർട്ടും ചേർന്ന് എഴുതി സംവിധാനം ചെയ്‌ത ചിത്രത്തില്‍ നായികയായെത്തിയ മൈക്കെല്ലെ യോയ്‌ക്കാണ് മികച്ച നടിക്കുള്ള 2023ലെ ഓസ്‌കര്‍ അംഗീകാരം. ചിത്രത്തിലൂടെ കീ ഹൂ ക്വാന്‍ മികച്ച സഹനടനായപ്പോൾ ജാമി ലീ കര്‍ട്ടിസ് മികച്ച സഹനടിക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി. ഒറിജിനല്‍ സ്‌ക്രീന്‍പ്ലേയ്ക്കുള്ള അവാര്‍ഡ് ഡാനിയൽ ക്വാനും ഡാനിയൽ ഷീനെർട്ടും പങ്കിട്ടു.