ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന സൂപ്പർ സ്റ്റാർ, ആരാധക പിൻബലത്തിലും ഒട്ടും പിന്നിലല്ല ബി-ടൗണിന്‍റെ ക്വീൻ ദീപിക പദുക്കോൺ. എണ്ണമറ്റ സിനിമകളിലെ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ പ്രിയതാരം ഇപ്പോഴിതാ മറ്റൊരു ചരിത്രം കൂടി കുറിച്ചിരിക്കുകയാണ്. അക്കാദമി മ്യൂസിയം ഗാലയിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ അഭിനേതാവായാണ് ദീപിക ചരിത്രം സൃഷ്‌ടിച്ചത്.
അക്കാദമി മ്യൂസിയം ഗാലയ്‌ക്കായി ലോസ് ഏഞ്ചൽസിലാണ് നിലവിൽ ദീപിക പദുക്കോൺ. അക്കാദമി മ്യൂസിയം ഗാലയിലേക്ക് ക്ഷണിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ സെലിബ്രിറ്റി ആയതുകൊണ്ടുതന്നെ പ്രൗഡി ഒട്ടും ചോരാതെയാണ് ഞായറാഴ്‌ച (ഡിസംബർ 03) ദീപികയുടെ ഇവന്‍റിലേക്കുള്ള വരവ്. വെൽവെറ്റ് ഗൗണിൽ അതി സുന്ദരിയായാണ് താരം എത്തിയത് (Deepika Padukone creates history as first Indian actor at Academy Museum Gala).
നീല നിറത്തിലുള്ള ഈവനിംഗ് ഗൗണിൽ തിളങ്ങുന്ന ദീപികയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ വൈറലായി മാറിക്കഴിഞ്ഞു. അക്കാദമി മ്യൂസിയം ഗാലയിലെ ചുവന്ന പരവതാനിയിലൂടെ രാജകീയമായി ദീപിക പദുക്കോൺ എത്തിയപ്പോൾ ആരാധകരും ആവേശത്തിലായി. വജ്രാഭരണങ്ങളാണ് താരം വസ്‌ത്രത്തിനൊപ്പം പെയർ ചെയ്‌തത്. മിനിമലായ ആക്‌സസറീസ് താരത്തിന്‍റെ ലുക്കിന് മാറ്റുകൂട്ടി.
ഓസ്‌കർ (Oscars) പുരസ്‌കാരത്തിന്‍റെ സംഘാടനം വഹിക്കുന്ന അതേ ബോർഡ് തന്നെയാണ് അക്കാദമി മ്യൂസിയം ഗാലയുടെയും പിന്നിൽ. ഓസ്‌കറിന് ശേഷമുള്ള രണ്ടാമത്തെ വലിയ ഇവന്‍റായാണ് അക്കാദമി മ്യൂസിയം ഗാല കണക്കാക്കപ്പെടുന്നത്. അതേസമയം ഈ വർഷം ആദ്യം ഓസ്‌കറിൽ പങ്കെടുത്തതിന് ശേഷമുള്ള ദീപികയുടെ രണ്ടാമത്തെ ആഗോള പ്ലാറ്റ്‌ഫോം സാന്നിധ്യമാണ് ഗാല അടയാളപ്പെടുത്തുന്നത്.