മുംബൈ: ഷാരൂഖ് ഖാന്‍ ദീപിക പദുക്കോണ്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പഠാൻ' പ്രദർശനത്തിന് എത്താൻ ഇനി രണ്ടുനാൾ മാത്രം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തിയേറ്ററിലേക്ക് എത്തുന്ന ഷാരൂഖ് ചിത്രമാണ് പഠാൻ. ജനുവരി 25-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
പ്രേക്ഷകരുടെ ഇഷ്‌ട ജോടിയാണ് ഷാരൂഖും ദീപികയും. 2007ൽ പുറത്തിറങ്ങിയ ‘ഓം ശാന്തി ഓം’ എന്ന ചിത്രത്തിൽ ഷാരൂഖ് ഖാന്‍റെ നായികയായിട്ടായിരുന്നു ദീപികയുടെ അരങ്ങേറ്റം. ബോളിവുഡിലെ വിജയ ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച ഒന്നാണ് ‘ഓം ശാന്തി ഓം’. ഇതിന് പിന്നാലെ ഷാരൂഖ് ദീപിക ജോഡികൾ ഒന്നിച്ചെത്തിയ നിരവധി ചിത്രങ്ങളും പുറത്ത് വന്നു.
ചെന്നൈ എക്‌സ്പ്രസ്, ഹാപ്പി ന്യൂ ഇയർ തുടങ്ങിയ ചിത്രങ്ങളിലെ ഷാരൂഖ് ദീപിക കോമ്പിനേഷൻ പ്രേക്ഷകർ ഹൃദയത്തിലേറ്റി. വർഷങ്ങൾക്ക് ശേഷമാണ് ഷാരൂഖും ദീപികയും പഠാനിൽ ഒന്നിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള നാലാമത്തെ ചിത്രമാണ് 'പഠാൻ'.
ചിത്രം റിലീസിന് എത്തുന്നതിന്‍റെ ആവേശത്തിലാണ് അഭിനേതാക്കളും അണിയറ പ്രവർത്തകരും. ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി സിനിമയുടെ നിർമാതാക്കളായ യാഷ് രാജ് ഫിലിംസ് പങ്കുവച്ച വീഡിയോയിൽ ദീപിക പഠാനിലെ തന്‍റെ കഥാപാത്രത്തെക്കുറിച്ചും ഷാരൂഖിനൊപ്പമുള്ള അഭിനയത്തെക്കുറിച്ചും അവർ സ്‌ക്രീനിൽ പങ്കിടുന്ന കെമിസ്ട്രിയെക്കുറിച്ചും തുറന്നു പറഞ്ഞു.
'ഷാരൂഖ് എന്‍റെ പ്രിയപ്പെട്ട സഹനടൻ':ഷാരൂഖിനെ കുറിച്ചുള്ള ദീപികയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘എന്‍റെ പ്രിയപ്പെട്ട സഹനടൻ’ എന്നാണ് ഷാരൂഖിനെ ദീപിക വിശേഷിപ്പിക്കുന്നത്. ഷാരൂഖുമായി മനോഹരമായൊരു ബന്ധം താൻ പങ്കിടുന്നുവെന്നും ദീപിക പറഞ്ഞു.
'ഓം ശാന്തി ഓം മുതൽ ചില അവിശ്വസനീയമായ സിനിമകളിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചത് ഷാരൂഖിന്‍റെയും എന്‍റെയും വലിയ ഭാഗ്യമാണ്. എന്‍റെ ഏറ്റവും പ്രിയപ്പെട്ട സഹനടനുമായി ഞാൻ വീണ്ടും അഭിനയിക്കുന്നു. ഞങ്ങൾക്കിടയിൽ മനോഹരമായ ഒരു ബന്ധമാണുള്ളത്, ഞങ്ങൾ ചെയ്യുന്ന സിനിമകളിലും പ്രേക്ഷകർ എപ്പോഴും അത് കാണുമെന്ന് കരുതുന്നു', ദീപിക പറഞ്ഞു.
ഷാരൂഖുമായി അതിമനോഹരമായ കെമിസ്‌ട്രി: പഠാനിലെ തങ്ങളുടെ കെമിസ്ട്രിയുടെ പിന്നിലെ രഹസ്യത്തെക്കുറിച്ചും ദീപിക സംസാരിച്ചു. 'ചിത്രത്തിലെ കെമിസ്‌ട്രിയുടെ ക്രെഡിറ്റ് ഞങ്ങൾക്ക് രണ്ടുപേർക്കും ഉള്ളതാണ്. ഈ ചിത്രത്തിനായി അദ്ദേഹം തീവ്രമായ ഡയറ്റിലും വ്യായാമത്തിലുമായിരുന്നു. ഞങ്ങൾ വ്യക്തിഗതമായി ചെയ്‌ത ജോലിയുടെ ക്രെഡിറ്റ് ഞങ്ങൾക്ക് പ്രത്യേകം ഏറ്റെടുക്കാം, എന്നാൽ ഞങ്ങളൊരു ടീമാണ്', ദീപിക പറഞ്ഞു.
'സംവിധായകന്‍റെ(സിദ്ധാർഥ് ആനന്ദ്) കാഴ്‌ചപ്പാട്, ഛായാഗ്രാഹകൻ (സച്ചിത് പൗലോസ്) ഞങ്ങളെ പകർത്തിയ രീതി, സ്‌റ്റൈലിസ്‌റ്റാണ് (ശാലീന നാഥാനി) ഞങ്ങളുടെ കഥാപാത്രങ്ങൾക്ക് ഇണങ്ങുന്ന വസ്‌ത്രങ്ങളും മേക്കപ്പും എന്താണെന്ന് തീരുമാനിക്കുന്നത്. അതിനാൽ ഞങ്ങളുടെ മുഴുവൻ ടീമും ഈ പ്രോസസിൽ ഒത്തുചേരുന്നു', ദീപിക കൂട്ടിച്ചേർത്തു.
പഠാനിലെ കഥാപാത്രം:ദീപികയുടെ കരിയറിലെ തന്നെ വ്യത്യസ്‌തമായ ഒരു കഥാപാത്രമായിരിക്കും പഠാനിലേത്. 'അത്യധികം ആവേശകരമായ ഒരു കഥാപാത്രമാണ് പഠാനിൽ എനിക്ക് ലഭിച്ചിരിക്കുന്നത്. ഇതുവരെ ഇങ്ങനൊരു കഥാപാത്രം ഞാൻ ചെയ്‌തിട്ടില്ല. ഇത്തരത്തിൽ ഒരു സ്പൈ ത്രില്ലർ, ഒരു ഔട്ട് ആൻഡ് ഔട്ട് ആക്ഷൻ മൂവി ആദ്യമാണെന്നും' ദീപിക പറഞ്ഞു.
2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണ് പഠാൻ. റിലീസിന് ദിവസങ്ങള്‍ക്ക് മുന്‍പേ ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ചിത്രമാണ് പഠാന്‍. ദീപികയും ഷാരൂഖും പ്രത്യക്ഷപ്പെടുന്ന 'ബേഷരം രംഗ്' എന്ന ഗാനരംഗം റിലീസ് ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് വിവാദം ആരംഭിക്കുന്നത്.
ഗാനരംഗത്തില്‍ ദീപിക അണിഞ്ഞ വസ്‌ത്രത്തെ ചുവടു പിടിച്ചായിരുന്നു വലിയ വിവാദം ഉടലെടുത്തത്. ദീപിക കാവി നിറത്തെ അപമാനിക്കുന്നു എന്ന് ആരോപിച്ച് ബിജെപി നേതാക്കളടക്കം രംഗത്ത് എത്തിയിരുന്നു. ചിത്രത്തിന്‍റെ സംവിധാനം സിദ്ധാർഥ് ആനന്ദാണ്.
ഷാരൂഖിനും ദീപികക്കും ഒപ്പം ജോണ്‍ എബ്രഹാം ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.