മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'എമ്പുരാന്‍'. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
'എമ്പുരാനു'മായി ബന്ധപ്പെട്ട ജോലികള്‍ ആരംഭിച്ചതായാണ് സംഗീത സംവിധായകന്‍ ദീപക് ദേവ് പറയുന്നത്. സിനിമയുടെ ചിത്രീകരണം കുറച്ച് മാസം കഴിഞ്ഞേ ഉണ്ടാകൂവെന്നും എന്നാല്‍ തന്‍റെ ജോലികള്‍ ആരംഭിച്ചുവെന്നുമാണ് ദീപക് ദേവ് അറിയിച്ചത്. നടി ആശ ശരത്തിന്‍റെ മകള്‍ ഉത്തരയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയായിരുന്നു ദീപക് ദേവിന്‍റെ പ്രതികരണം.
'എമ്പുരാന്‍ സിനിമയുടെ പണി തുടങ്ങിയിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം കുറച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടേയുള്ളൂ. എന്‍റെ പണി തുടങ്ങി'- ഇപ്രകാരമാണ് ദീപക് ദേവ് പറഞ്ഞത്. സിനിമയുടെ ഷൂട്ടിംഗ് ഓഗസ്‌റ്റില്‍ തുടങ്ങുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
എമ്പുരാന്‍' ഒരു പാന്‍ ഇന്ത്യന്‍ ചിത്രമല്ലെന്നും വേള്‍ഡ് സിനിമയായാണ് നിര്‍മാതാക്കള്‍ വിഭാവനം ചെയ്യുന്നതെന്നുമാണ് മോഹന്‍ലാല്‍ മുമ്പൊരിക്കല്‍ പറഞ്ഞത്. അതേസമയം 'ലൂസിഫറി'ന്‍റെ രണ്ടാം ഭാഗമല്ല 'എമ്പുരാന്‍'. ഇക്കാര്യം തിരക്കഥാകൃത്ത് മുരളി ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു. 'എമ്പുരാന്‍' 'ലൂസിഫറി'ന്‍റെ രണ്ടാം ഭാഗം അല്ലെന്നും മൂന്ന് ഭാഗങ്ങളുള്ള സീരീസിലെ രണ്ടാമത്തെ ചിത്രമാണെന്നുമാണ് മുരളി ഗോപി പറഞ്ഞത്.
ഹോളിവുഡ് സിനിമയ്‌ക്ക് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് 'എമ്പുരാനാ'യി ആസൂത്രണം ചെയ്യുന്നതെന്നാണ് സൂചന. ആറ് മാസത്തോളമായി നടന്ന ലൊക്കേഷന്‍ ഹണ്ട് യാത്രകള്‍ അടുത്തിടെ ഉത്തരേന്ത്യയില്‍ അവസാനിച്ചിരുന്നു. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ് എന്നിവര്‍ 'എമ്പുരാനി'ല്‍ ഉണ്ടാകും. ആശിര്‍വാദ് സിനിമാസും, പൃഥ്വിരാജ് പ്രൊഡക്ഷന്‍സും, ഹോംബാലെ ഫിലിംസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.