ന്യൂഡല്‍ഹി : 'ദി കശ്‌മീർ ഫയൽസ്' ചിത്രം സംബന്ധിച്ച് ട്വിറ്ററില്‍ വിവേക് അഗ്നിഹോത്രിയും ശശി തരൂരും തമ്മില്‍ വാക്പോര്. അന്തരിച്ച തന്‍റെ ഭാര്യ സുനന്ദ പുഷ്‌കറിനെ വിഷയത്തിലേക്ക് വലിച്ചിഴച്ചതിനെ കടുത്തഭാഷയില്‍ തരൂര്‍ വിമര്‍ശിച്ചു. ‘ദി കശ്‌മീർ ഫയൽസ്’ എന്ന സിനിമ സിംഗപ്പൂരിൽ നിരോധിച്ചതായി കാണിക്കുന്ന മാധ്യമ വാര്‍ത്ത ട്വിറ്ററില്‍ തരൂർ പങ്കുവച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
ലോകത്തിലെ ഏറ്റവും പിന്തിരിപ്പൻ സെൻസറിംഗ് നടപടിയാണ് സിംഗപ്പൂര്‍ സ്വീകരിക്കാറെന്നും കശ്‌മീരി ഹിന്ദു വംശഹത്യയെ തമാശയാക്കുന്നത് നിർത്തണമെന്നും വിവേക് അഗ്നിഹോത്രി തരൂരിന് മറുപടി നല്‍കി. തരൂരിന്‍റെ ഭാര്യ സുനന്ദ കശ്‌മീരി ഹിന്ദുവാണ്. അതിനാല്‍ പോസ്റ്റ് ഡിലീറ്റ് ചെയ്‌ത് സുനന്ദയുടെ ആത്മാവിനോട് ക്ഷമ ചോദിക്കാനും അഗ്നിഹോത്രി പറഞ്ഞു.
Also Read ദി കശ്‌മീര്‍ ഫയല്‍സ് സിനിമ നിരോധിച്ച് സിംഗപ്പൂര്‍, കാരണം പുറത്ത്
കശ്‌മീരിയായ സുനന്ദയ്ക്ക് വേണ്ടി കശ്‌മീരി പണ്ഡിറ്റുകളോട് അൽപ്പം അനുകമ്പ കാണിക്കണമെന്ന് ദി കശ്‌മീർ ഫയൽസില്‍ പ്രധാന വേഷം ചെയ്‌ത നടന്‍ അനുപം ഖേര്‍ പറഞ്ഞു. കശ്‌മീരി പണ്ഡിറ്റുകളുടെ കഷ്‌ടപ്പാടുകളെ താന്‍ ഒരു ഘട്ടത്തിലും പരിഹസിക്കുകയോ ഇകഴ്ത്തുകയോ ചെയ്‌തിട്ടില്ലെന്നും അവരുടെ ദുരവസ്ഥയെക്കുറിച്ച് തനിക്ക് അടുത്തറിയാമെന്നും എംപി ശശി തരൂര്‍ മറുപടി നല്‍കി.
തന്‍റെ അന്തരിച്ച ഭാര്യ സുനന്ദയെ ഈ വിഷയത്തിലേക്ക് വലിച്ചിഴച്ചത് അനാവശ്യവും നിന്ദ്യവുമാണ്. അവളുടെ കാഴ്‌ചപ്പാടുകൾ എന്നേക്കാൾ കൂടുതൽ മറ്റാര്‍ക്കും അറിയില്ല. സോപോറിനടുത്തുള്ള ബോമായിലെ അവളുടെ തറവാട്ടില്‍ തങ്ങള്‍ പോയിട്ടുണ്ട്. അവള്‍ക്ക് ഹിന്ദുക്കളും മുസ്ലിങ്ങളുമായി നിരവധി സുഹൃത്തുക്കളുണ്ട്. അവള്‍ ഇല്ലാത്ത സാഹചര്യത്തില്‍ അവളെ കുറിച്ച് സംസാരിക്കുന്നത് ശരിയല്ല. ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. കശ്‌മീരി പണ്ഡിറ്റുകളുടെ പലായനം ആസ്‌പദമാക്കി ഒരുക്കിയ ചിത്രമാണ് "ദി കശ്‌മീർ ഫയൽസ്".