കൊച്ചി:സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ‘ആവാസവ്യൂഹം’ എന്ന സിനിമക്ക് ശേഷം ക്രിഷാന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പുരുഷ പ്രേതം'. ദര്‍ശന രാജേന്ദ്രൻ, അലക്സാണ്ടർ പ്രശാന്ത് എന്നിവർ മുഖ്യവേഷങ്ങളിൽ എത്തുന്ന ചിത്രം ഡയറക്‌ട് ഒടിടി റിലീസ് ആയിട്ടാണ് പുറത്തിറങ്ങുന്നത്. മാർച്ച് 24 ന് പുറത്തിറങ്ങുന്ന സിനിമയുടെ പേരുതന്നെ വളരെ ശ്രദ്ധേയമാണ്.
ദര്‍ശന രാജേന്ദ്രൻ, അലക്സാണ്ടർ പ്രശാന്ത് എന്നിവർ മുഖ്യവേഷങ്ങളിൽ:മാർച്ച് 24 മുതൽ സോണി ലിവില്‍ ആയിരിക്കും സിനിമ സ്‌ട്രീമിങ്ങ് തുടങ്ങുക. സിനിമയിൽ വൻ താരനിര അണിനിരക്കുന്നു. മാലാ പാർവതി, ജഗദീഷ്, അജയ് ഘോഷ്, പൂജ മോഹൻരാജ്. പ്രമോദ് വെള്ളിനാട്, ജെയിംസ് ഏലിയാസ്, സിൻസ് ഷാൻ, സഞ്ജു ശിവറാം, ജോളി ചിറയത്ത്, അർച്ചന സുരേഷ്, നിഖിൽ, അരുൺ നാരായണൻ, പൂജ മോഹൻരാജ്, സുധ സുമിത്ര, ശ്രീനാഥ് ബാബു എന്നിവർക്കൊപ്പം സംവിധായകൻ ജിയോ ബേബിയും, ദേശിയ അവാർഡ് നേടിയ സംവിധായകൻ മനോജ് കാന എന്നിങ്ങനെ അഭിനയത്തില്‍ പ്രതിഭ തെളിയിച്ച വൻ താരനിരയാണ് 'പുരുഷ പ്രേതം'ത്തിൽ അണിനിരക്കുന്നത്.
വളരേയധികം ഭീതി ജനിപ്പിക്കുന്ന ഒരു സംഭാഷണത്തിലൂടെയാണ് പുരുഷ പ്രേതത്തിൻ്റെ ട്രെയിലർ ആരംഭിക്കുന്നത്. ഒരാളെ കാണാതയതിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ട്രെയിലർ ആരംഭിക്കുന്നത്. തുടർന്ന് ഒരു പുഴയിൽ ശവം പൊന്തി എന്ന് അറിഞ്ഞ് എത്തിയ പൊലീസിനെയും നാട്ടുകാരുടെയും കാണാൻ സാധിക്കും. സാമൂഹിക വിമർശനം നിറയുന്ന നിരവധി ഡയലോഗുകൾ തുടക്കം മുതൽ തന്നെ ട്രെയിലറില്‍ കാണാൻ സാധിക്കും.