തെലുഗു താരം വെങ്കടേഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സൈന്ധവ്'. വമ്പൻ താരനിരയുമായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സൈലേഷ് കോലാനു ആണ്. വെങ്കടേഷിന്‍റെ കരിയറിലെ 75-ാമത് ചിത്രം കൂടിയാണ് പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന 'സൈന്ധവ്'.
നവാസുദ്ദീന്‍ സിദ്ദിഖി, ശ്രദ്ധ ശ്രീനാഥ്, റൂഹാനി ശർമ്മ, ആൻഡ്രിയ ജെര്‍മിയ, സാറ തുടങ്ങി വമ്പൻ താരനിരയുമായാണ് ചിത്രം എത്തുന്നത്. അതേസമയം ദ്രുതഗതിയിലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് നടക്കുന്നത് എന്നാണ് വിവരം. ക്ലൈമാക്‌സ് രംഗം പൂർത്തിയായി കഴിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
16 ദിവസങ്ങൾ കൊണ്ടാണ് ക്ലൈമാക്‌സ് രംഗത്തിന്‍റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. വളരെ ഇമോഷണൽ ആയ ക്ലൈമാക്‌സ് രംഗത്തില്‍ എട്ട് പ്രധാനപ്പെട്ട താരങ്ങളാണ് അഭിനയിച്ചത്. രാം - ലക്ഷ്‌മൺ മാസ്റ്ററുടെ നേതൃത്വത്തിലാണ് ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചത്.
വിക്‌ടറി വെങ്കടേഷ് എന്നും അറിയപ്പെടുന്ന ദഗുബാട്ടി വെങ്കടേഷിന്‍റെ സിനിമ കരിയറിലെ ഏറ്റവും ചെലവേറിയ ക്ലൈമാക്‌സ് രംഗമാണ് ചിത്രീകരിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിഹാരിക എന്‍റർടെയിൻമെൻസിന്‍റെ ബാനറിൽ വെങ്കട് ബൊയാനപ്പള്ളിയാണ് ചിത്രത്തിന്‍റെ നിർമാണം. നാനി കേന്ദ്ര കഥാപാത്രമായി എത്തിയ 'ശ്യാം സിങ് റോയ്' എന്ന ചിത്രത്തിന് ശേഷം വെങ്കട് ബൊയാനപ്പള്ളി നിർമിക്കുന്ന ചിത്രം കൂടിയാണ് 'സൈന്ധവ്'. കിഷോർ തല്ലുർ സഹ നിർമാതാവാണ്.
തെലുഗുവിന് പുറമെ കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. എസ് മണികണ്‌ഠൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ഗാരി ബിഎച്ച് ആണ്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.