ഹൈദരാബാദ്:ഐശ്വര്യ രജനികാന്തിന്‍റെ സംവിധാനത്തിൽ വിഷ്‌ണു വിശാലും വിക്രാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ലാൽ സലാം'. 2024 പൊങ്കൽ ഉത്സവ സീസണിൽ റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ് 'ലാൽ സലാം'.
ഇപ്പോഴിതാ ചിത്രത്തിന്‍റെ ഡബ്ബിംഗ് വിശേഷങ്ങളാണ് അണിയറ പ്രവർത്തകർ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ക്രിക്കറ്റിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന 'ലാൽ സലാ'മിൽ ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവും വേഷമിടുന്നുണ്ട്. ചിത്രത്തിലെ തന്‍റെ ഡബ്ബിംഗ് കപിൽ ദേവ് പൂർത്തിയാക്കിയതായി നിർമാതാക്കൾ അറിയിച്ചു (Cricketer Kapil Dev wraps up dubbing for Lal Salaam).
ഡബ്ബിംഗിനിടെ പകർത്തിയ കപിൽ ദേവിന്‍റെ ചിത്രങ്ങളും പുറത്തുവന്നു. ഇതിഹാസ കായിക താരം തങ്ങളുടെ സിനിമയിൽ അഭിനയിക്കുന്നത് അഭിമാനമായാണ് കരുതുന്നതെന്ന് സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും സംവിധായിക ഐശ്വര്യ രജനീകാന്തും കുറിച്ചു. അതിഥി വേഷത്തിലാണ് ചിത്രത്തിൽ കപിൽ ദേവ് എത്തുക.
ജീവിത രാജശേഖറും ചിത്രത്തിൽ വേഷമിടുന്നുണ്ട്. 33 വർഷത്തെ നീണ്ട ഇടവേള അവസാനിപ്പിച്ചാണ് 'ലാൽ സലാമി'ലൂടെ ജീവിത രാജശേഖർ തമിഴ് സിനിമാലോകത്തേക്ക് തിരിച്ചുവരവ് നടത്തുന്നത്. രജനികാന്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ സഹോദരിയായാണ് ജീവിത രാജശേഖർ സ്‌ക്രീനിലെത്തുക.
നിരോഷ, തമ്പി രാമയ്യ, സെന്തിൽ, തങ്കദുരൈ തുടങ്ങിയ പ്രമുഖ അഭിനേതാക്കളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മകളുടെ സിനിമയിൽ അതിഥി വേഷത്തിലാണ് രജനി പ്രത്യക്ഷപ്പെടുക. 'മൊയ്‌തീൻ ഭായ്' എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.