തിയേറ്ററുകളില്‍ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ 'കൊറോണ ധവാൻ' (Corona Dhavan) ചിത്രത്തിന്‍റെ പുതിയ സ്‌നീക്ക് പീക്ക് പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ലുക്‌മാനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ഈ കോമഡി ചിത്രം നവാഗതനായ സി.സി ആണ് സംവിധാനം ചെയ്‌തിരിക്കുന്നത്.
കൊറോണ കാലത്ത് മദ്യം കിട്ടാതെ വലയുന്ന ഒരുകൂട്ടം മനുഷ്യരുടെ കഥയാണ് ചിത്രം പറയുന്നത്. ഇപ്പോൾ പുറത്തുവന്ന സ്‌നീക്ക് പീക്ക് വീഡിയോയിലും മദ്യം കിട്ടാത്തതിലുള്ള ശ്രീനാഥ് ഭാസിയുടെ കഥാപാത്രത്തിന്‍റെ സംഘര്‍ഷങ്ങളാണ് കാണാനാവുക. ഏതായാലും തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ഓഗസ്റ്റ് നാലിന് തിയേറ്ററുകളിലെത്തിയ 'കൊറോണ ധവാന്‍' ഏറെക്കാലത്തിനുശേഷം എല്ലാം മറന്നു ചിരിക്കാന്‍ പറ്റുന്ന ഒരു ചിത്രമാണെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.
നേരത്തെ 'കൊറോണ ജവാന്‍' എന്നായിരുന്നു ചിത്രത്തിന് പേരിട്ടിരുന്നത്. പിന്നീട് ഇത് 'കൊറോണ ധവാന്‍' എന്നാക്കി മാറ്റുകയായിരുന്നു. പേര് മാറ്റേണ്ടി വന്നതിനെ തുടര്‍ന്ന് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന് സംവിധായകന്‍ സി.സി. അയച്ച കത്തും വൈറലായിരുന്നു.
അതേസമയം ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍. ചിത്രം തിയേറ്ററുകളിലേക്ക് എത്തിച്ചത് ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസാണ്.