Controversial dialogue in Kaduva to be changed: ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ 'കടുവ'യെ കുറിച്ചുള്ള ചര്‍ച്ചകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍. സിനിമയിലെ ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള ഡയലോഗില്‍ മാറ്റം വരുത്താനുള്ള നീക്കവുമായി അണിയറ പ്രവര്‍ത്തകര്‍. സീന്‍ കട്ട് ചെയ്യാതെ ഡയലോഗ് മാത്രം മാറ്റം വരുത്താനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു 'കടുവ' ടീം.
Social media comments on Kaduva dialogue: സിനിമയിലെ രംഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് ഡയലോഗില്‍ മാറ്റം വരുത്താനുള്ള അണിയറപ്രവര്‍ത്തകരുടെ തീരുമാനം. സിനിമയുടെ പല ഭാഗങ്ങളിലും സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടെങ്കിലും ഈ സംഭാഷണത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടിരുന്നില്ലെന്നും അതുകൊണ്ടാണ് ഈ ഡയലോഗോടു കൂടി സിനിമ പുറത്തിറക്കിയതെന്നുമാണ് അണിയറപ്രവര്‍ത്തകരുടെ പ്രതികരണം.
Kaduva team apologize on controversial dialogue: 'കടുവ'യിലെ വിവാദ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി കഴിഞ്ഞ ദിവസം സംവിധായകന്‍ ഷാജി കൈലാസും നടന്‍ പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിലെ പ്രസ്‌തുത ഭാഗം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായത്. ക്ഷമ പറഞ്ഞുകൊണ്ട് മാത്രം വിഷയം അവസാനിക്കുന്നില്ലെന്നും പ്രസ്‌തുത ഭാഗം സിനിമയില്‍ നിന്നും നീക്കം ചെയ്യണമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുയരുന്ന ആവശ്യം.