മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം പ്രേക്ഷകരുടെ ഇഷ്‌ടതാരം ചിയാന്‍ വിക്രം വ്യത്യസ്‌ത ഗെറ്റപ്പുകളിലെത്തിയ ചിത്രമാണ് കോബ്ര. പഴയ രീതികളെ ആവര്‍ത്തിക്കാതെ വ്യത്യസ്‌തതകള്‍ മുന്നോട്ടുവെക്കുന്ന വിക്രമിന്‍റെ ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രത്തിന് ലഭിച്ച കളക്ഷനും ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഓഗസ്‌റ്റ് 31 ന് തിയേറ്ററുകളില്‍ റിലീസിനെത്തിയ ചിത്രം നാല് ദിവസങ്ങള്‍ക്കിപ്പുറം ആഗോളതലത്തില്‍ 120 കോടി രൂപ നേടി കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്‌റ്റ് മനോബാല വിജയബാലന്‍റെ വെളിപ്പെടുത്തല്‍.
കേരളത്തില്‍ നിന്ന് കോബ്ര ആദ്യദിനം നേടിയത് 1.25 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബീസ്‌റ്റും, വിക്രവും കഴിഞ്ഞാല്‍ ഈ വര്‍ഷം ഒരു തമിഴ് ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന ഏറ്റവും മികച്ച ഓപണിംഗ് കൂടിയാണിത്. അതേസമയം, തമിഴ്‌നാട്ടില്‍ ആദ്യദിനം 9.28 കോടിയാണ് കോബ്ര നേടിയത്. മാറിമറിയുന്ന ബോക്‌സ് ഓഫീസില്‍ രണ്ടാം ദിവസം കുറച്ചധികം താഴ്‌ന്ന് 2.56 കോടി രൂപയാണ് ചിത്രത്തിന് നേടാന്‍ കഴിഞ്ഞത്. എന്നാല്‍, പ്രേക്ഷക പ്രശംസയിലും, ആരാധക പിന്തുണയിലും ചിത്രം പിന്നോട്ട് പോയിട്ടില്ല. മാത്രമല്ല, തമിഴ്നാട്ടിലെ ഈ വര്‍ഷത്തെ ആദ്യ അഞ്ച് ഓപണിംഗുകളിലും ചിത്രം ഇടംപിടിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.