പ്ലസ് ടു വിദ്യാർഥിനിയായ ചിന്മയി നായർ സംവിധാനം ചെയ്‌ത 'ക്ലാസ്സ് - ബൈ എ സോൾജ്യർ' എന്ന സിനിമ റിലീസിനൊരുങ്ങുന്നു. വിജയ് യേശുദാസ്, മീനാക്ഷി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നവംബർ 24 മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. മാജിക് ഫ്രെയിംസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.
സാഫ്‌നത്ത് പനെയാ ഇന്‍റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. വിജയ് യേശുദാസ് സൈനിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അപ്പാനി ശരത്, കലാഭവൻ ഷാജോൺ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഇർഫാൻ, ജെഫ് സാബു, ഹരീഷ് പേങ്ങൻ, സുധീർ സുകുമാരൻ, ഹരി പത്തനാപുരം, വിഷ്‌ണു ദാസ്, സജിമോൻ പാറയിൽ, ഹരീഷ് മണ്ണാഞ്ചേരി, സൂര്യ ദത്ത്, സജി റാം, ജിഫ്‌ന എസ് കുരുവിള, ശ്വേത മേനോൻ, ബ്രിന്‍റ ബെന്നി, ലിജോ, റോസ് മറിയ, കെപിഎസി ഭവി, പ്രമീള ദേവി, അധീന, മേഘ്ന, ധനലക്ഷ്‌മി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.
സ്‌കൂൾ വിദ്യാർഥിനി ഒരുക്കുന്ന സിനിമ എന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ ശ്രദ്ധനേടിയ ചിത്രമായിരുന്നു 'ക്ലാസ്സ് - ബൈ എ സോൾജ്യർ'. കോട്ടയം, ളാക്കാട്ടൂർ എംജിഎം ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ് ചിന്മയി നായർ. സ്‌കൂൾ പശ്ചാത്തലമാക്കിയാണ് ചിന്മയി തന്‍റെ ആദ്യ ചിത്രം ഒരുക്കിയിരിക്കുന്നത്.