തെന്നിന്ത്യൻ സിനിമാലോകത്തിന്‍റെ ചർച്ചകളാകെ ഇപ്പോൾ ഒരു തമിഴ് ചലച്ചിത്രത്തെ ചുറ്റിപ്പറ്റിയാണ്. പ്രേക്ഷകരാകട്ടെ അതേ സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിലുമാണ്. അതെ, ലോകേഷ് കനകരാജിന്‍റെ വിജയ് ചിത്രം 'ലിയോ' തന്നെ. റിലീസിന് മുന്‍പ് ഇത്രയേറെ ഹൈപ്പ് കിട്ടിയ മറ്റൊരു സൗത്ത് ഇന്ത്യൻ ചിത്രം ഉണ്ടോ എന്നത് സംശയമാണ്. പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷക - മാധ്യമ ശ്രദ്ധയാകർഷിക്കാൻ 'ലിയോ'യ്‌ക്ക് സാധിച്ചിരുന്നു.
ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട ഛായാഗ്രാഹകൻ മനോജ് പരമഹംസയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിലടക്കം വൈറലാകുന്നത് (Cinematographer Manoj Paramahamsa About Leo). 'ലിയോ'യിലെ വിജയ്‌യുടെ പ്രകടനം ശ്രദ്ധേയമാണെന്ന് എക്‌സിൽ കുറിച്ച അദ്ദേഹം ഒരിക്കൽ കൂടി തന്നെ വിശ്വസിച്ചതിന് നന്ദിയും അറിയിക്കുന്നുണ്ട്. 'പ്രതിഭ' എന്നാണ് സംവിധായകൻ ലോകേഷ് കനകരാജിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഒപ്പം ചിത്രത്തിന്‍റെ സംഗീത സംവിധായകൻ അനിരുദ്ധിനെയും ആക്ഷൻ നിർവഹിച്ച അൻപറിവ് മാസ്റ്റേഴ്‌സിനെയും കലാസംവിധായകൻ സതീഷിനെയും നിർമാതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു.
'ലിയോ'യെ കുറിച്ചുള്ള ക്യാമറാമാൻ മനോജ് പരമഹംസയുടെ വാക്കുകൾ ഇങ്ങനെ: 'വിജയ് സാർ ഒരിക്കൽ കൂടി എന്നെ വിശ്വസിച്ചതിന് നന്ദി! ലിയോയിൽ താങ്കൾ നടത്തിയ പ്രകടനം ശ്രദ്ധേയമാണ്. സംവിധായകൻ ലോകേഷ് നിങ്ങൾ ഒരു പ്രതിഭ തന്നെയാണ്. നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഏതൊരു ഛായാഗ്രാഹകനും ആഗ്രഹിക്കും. അനിരുദ്ധ് നിങ്ങളുടെ സംഗീതം 'ട്രെയിൽ ബ്ലേസർ' ( trail-blazer) തന്നെയാണ്.
അൻപറിവ് മാസ്റ്റേഴ്‌സ്, നിങ്ങൾക്ക് പകരം വയ്‌ക്കാൻ മറ്റാരും തന്നെയില്ല. കലാസംവിധായകൻ സതീഷ്, ഏറ്റവും അർപ്പണബോധമുള്ള ടെക്‌നീഷ്യനാണ് നിങ്ങൾ. നിർമാതാക്കളായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിനും ജഗദീഷ് പളനിസ്വാമിക്കും നന്ദി. എന്‍റെ കരിയറിലെ നാഴികക്കല്ലാണ് ലിയോ'.