81-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ സിനിമ ലോകം കാത്തിരുന്നത് ഇങ്ങനെയൊരു പ്രഖ്യാപനത്തിന് വേണ്ടിയായിരുന്നു. മികച്ച സിനിമ, സംവിധായകന്‍, നടന്‍ എന്നിവ അടക്കം പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരിക്കുകയാണ് ചിത്രം (Golden Globes 2024 winners). ഓപ്പണ്‍ഹെയ്‌മറിലെ (Oppenheimer) പ്രകടനത്തിന് കിലിയന്‍ മര്‍ഫി (Cillian Murphy) മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഓപ്പണ്‍ഹെയ്‌മറിലൂടെ ക്രിസ്റ്റഫര്‍ നോളന്‍ മികച്ച സംവിധായകനായി.
ചിത്രത്തിലെ പ്രകടനത്തിന് റോബര്‍ട്ട് ഡൗണി ജൂനിയര്‍ (Robert Downey Jr) മികച്ച സഹനടന്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു. ഒറിജിനല്‍ സ്‌കോറിനുള്ള പുരസ്‌കാരവും ഓപ്പണ്‍ഹെയ്‌മര്‍ തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ലഡ്‌വിഗ് ഗൊരാന്‍സണ്‍ ആണ് പുരസ്‌കാരത്തിന് അര്‍ഹനായത്.
സാങ്കേതിക വൈദഗ്ധ്യത്തിനും ദൃശ്യ വൈദഗ്ധ്യത്തിനും അതിനെല്ലാമുപരി ഉജ്ജ്വലമായ ആഖ്യാന ചാതുര്യത്തിനും സിനിമ ലോകത്തെ സാക്ഷിയാക്കുകയാണ് ഓപ്പണ്‍ഹെയ്‌മറിലൂടെ ക്രിസ്റ്റഫർ നോളൻ എന്ന വിഖ്യാത സംവിധായകൻ ചെയ്‌തത്. ക്രിസ്റ്റഫർ നോളന്‍റെ ഇതുവരെയുള്ള ഏറ്റവും മികച്ച ചിത്രമെന്ന് വിശേഷിപ്പിക്കപ്പെട്ട ഓപ്പണ്‍ഹെയ്‌മർ പ്രേക്ഷകർക്ക് മുന്നിലെത്തിയപ്പോൾ തന്നെ നിരവധി വിശേഷണങ്ങൾ സ്വന്തമാക്കിയിരുന്നു. തലച്ചോറിലേക്ക് സ്വയം കത്തിക്കയറുന്നതാണ് നോളന്‍റെ പന്ത്രണ്ടാമത്തെ ചിത്രമായ ഓപ്പണ്‍ഹെയ്‌മർ എന്നാണ് സിനിമ ലോകം വിശേഷിപ്പിച്ചത്.
ആറ്റം ബോംബിന്റെ പിതാവെന്നറിയപെട്ട ശാസ്ത്രജ്ഞൻ ജെ റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതകഥയാണ് ക്രിസ്റ്റഫർ നോളൻ അഭ്രപാളിയിലേക്ക് അതിമനോഹരമായി പകർത്തിയെഴുതിയത്. പൂർണ്ണമായും 70 mm ഐമാക്സ് കാമറയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ സിനിമ എന്ന പ്രത്യേകത കൂടി ഓപ്പണ്‍ഹെയ്‌മറിനുണ്ട്.
ക്രിസ്റ്റഫർ നോളൻ തന്നെ തിരക്കഥയെഴുതിയ ചിത്രത്തിൽ കിലിയൻ മർഫിയും റോബർട് ഡൗണി ജൂനിയറും എമിലി ബ്ലണ്ടും മുതൽ മാറ്റ് ഡാമൻ വരെ വെള്ളിത്തിരയിൽ വന്നുപോവുന്നവരെല്ലാം അസാമാന്യപ്രകടനമാണ് നടത്തുന്നത്. മൂന്നു മണിക്കൂർ ദൈർഘമുള്ള സിനിമ കാഴ്‌ചയുടെ ദൃശ്യവിസ്‌ഫോടനം സൃഷ്‌ടിക്കുമ്പോൾ അത് പ്രേക്ഷകരെ പിടിച്ചുലയ്ക്കുന്നതായിരുന്നു. കാമറയും പശ്ചാത്തലസംഗീതവും അതിനോട് ഇഴുകി ചേരുന്ന നിശ്ശബദ്‌തയും കൂടിയായപ്പോൾ ഓപ്പണ്‍ഹെയ്‌മർ എന്ന ദൃശ്യാനുഭവം കാണികളുടെ ഹൃദയത്തിലേക്ക് ആഴത്തിൽ അടയാളപ്പെടുത്തുകയായിരുന്നു.
യുഎസ് ആറ്റോമിക് എനർജി കമ്മിഷൻ തലവനെന്ന അധികാരത്തിനായി സ്ട്രൗസ് നടത്തുന്ന കരുനീക്കങ്ങൾ. അമേരിക്കയോട് എത്രമാത്രം ഓപ്പണ്‍ഹെയ്‌മർ വിശ്വസ്തനാണെന്ന വിചാരണ. ഈ നീക്കങ്ങൾക്കിടയിൽ ആറ്റംബോബിലൂടെ താൻ ലോകത്തിനു നൽകിയ ആഘാതത്തെക്കുറിച്ച് ഓപ്പൺഹെയ്മറുടെ വീണ്ടുവിചാരം... ഇങ്ങനെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
‘ഇരുപതുവർഷം മുൻപ് ഫിസിക്സിനെ ഉപേക്ഷിക്കുകയും യുദ്ധോപകരണമുണ്ടാക്കുകയും ചെയ്യുന്ന’ ഓപ്പൺഹെയ്മറെ ‘ശാസ്ത്രത്തിന്‍റെ മൊത്ത വിൽപനക്കാരനാണെ’ന്ന് എതിരാളികൾ വിശേഷിപ്പിക്കുന്നുണ്ട്. എന്നാൽ ഇനിയൊരിക്കലും ഒരാളും ആറ്റംബോബിനേക്കാൾ വലിയ ബോംബുകളെക്കുറിച്ചോ യുദ്ധങ്ങളെക്കുറിച്ചോ സ്വപ്നം കാണരുതെന്ന ചിന്ത തലയിൽപേറി നടക്കുകയാണ് ഓപ്പൺഹെയ്മർ.
താൻ തുടങ്ങിവച്ചതിനെ ഓപ്പൺഹെയ്മർ എവിടെവരെ കൊണ്ടെത്തിച്ചുവെന്ന് ഐൻസ്റ്റൈൻ പോലും ചിത്രത്തിലൊരിടത്ത് പറയുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റിനു മുന്നിൽ ചെന്നിരുന്ന് ഓപ്പണ്‍ഹെയ്‌മർ പറയുന്നത് ‘‘ എന്‍റെ കൈകളിൽ ചോര പുരണ്ടിരിക്കുന്നു’’വെന്നാണ്. ബോംബ് ഉണ്ടാക്കിയവനെയല്ല, ബോംബ് വർഷിച്ചവനെയാണ് ലോ ഐമാക്സിന്‍റെ വിശാലമായ കാമറയിൽ നോളൻ ആറ്റംബോബിന്‍റെ ലോകം ഒപ്പിയെടുത്തിരിക്കുന്നത്.
ഒരു മനുഷ്യൻ തന്‍റെ ചിന്തയും ബുദ്ധിയും ഉപയോഗിച്ച് രൂപം നൽകിയ ആറ്റംബോബ് എന്ന സർവലോകവിനാശകാരി എങ്ങനെ ലോകത്തിന്‍റെ വഴി തിരിച്ചുവിട്ടുവെന്ന് നേരിട്ടു കാണേണ്ടിവന്ന മനുഷ്യനാണ് ഓപ്പൺഹൈമർ. അതുകൊണ്ടുതന്നെ ചിത്രത്തിൽ സംവിധായകനായ ക്രിസ്റ്റഫർ നോളൻ സ്വീകരിച്ച, പഴയ കാലവും പുതിയ കാലവും ഇഴപിരിയുന്ന കഥാഘടനയില്‍ സൈക്കോളജിയും കുറ്റാന്വേഷണവും ഒത്തൊരുമിക്കുന്നുണ്ട്.