കാത്തിരിപ്പിന് വിരാമം! പ്രേക്ഷകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരുന്ന ചിയാന്‍ വിക്രത്തിന്‍റെ (Vikram) 'ധ്രുവനച്ചത്തിരം' (Dhruva Natchathiram) എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. 'ഹിസ് നെയിം ഈസ് ജോണ്‍' (His Name is John) എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്.
വിക്രമിന്‍റെ അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളാകും സിനിമയില്‍ ഉണ്ടാകുക എന്നാണ് ഗാനം നല്‍കുന്ന സൂചന. 3.53 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ഗാന രംഗം. 'ധ്രുവനച്ചത്തിര'ത്തില്‍ ഒരു ഡോണ്‍ ആയാണ് വിക്രം എത്തുന്നതെന്നും ഗാനം സൂചന നല്‍കുന്നു. റിലീസ് ചെയ്‌ത് നിമിഷ നേരം കൊണ്ട് തന്നെ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. രണ്ട് മണിക്കൂര്‍ കൊണ്ട് മൂന്ന് ലക്ഷത്തിലധികം പേരാണ് ഇതുവരെ ഗാനം കണ്ടിരിക്കുന്നത്.
ചിത്രത്തില്‍ 'ജോണ്‍' എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് സിനിമയില്‍ വിക്രം പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ നിന്നുള്ള വിക്രമിന്‍റെ ലുക്കുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
ഗൗതം വാസുദേവ് മേനോന്‍ (Gautham Vasudev Menon) ആണ് സിനിമയുടെ സംവിധാനം. ഒരു ഗ്യാങ്സ്‌റ്റർ ഡ്രാമ സ്‌പൈ ത്രില്ലറായാണ് ഗൗതം വാസുദേവ് മേനോന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. 2016ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ പല കാരണങ്ങളാല്‍ ചിത്രം മുടങ്ങി പോവുകയായിരുന്നു.
താമരൈയുടെ വരികൾക്ക് ഹാരിസ് ജയരാജ് (Harris Jayaraj) ആണ് 'ധ്രുവനച്ചത്തിര'ത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. നിരവധി ഹിറ്റ് ഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഹാരിസ് ജയരാജിന്‍റെ 'ധ്രുവനച്ചത്തിരം' ഗാനങ്ങളും ആരാധകരുടെ ഇഷ്‌ട ഗാനങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ.
ബിഗ് ബജറ്റില്‍ ഒരുക്കിയ ചിത്രത്തില്‍ ഐശ്വര്യ രാജേഷ്, ഋതു വർമ, സിമ്രാൻ, രാധിക ശരത്കുമാർ, വിനായകൻ, ദിവ്യദർശിനി, അർജുൻ ദാസ്, രാധാകൃഷ്‌ണന്‍ പാര്‍ഥിഭന്‍, മുന്നാ സൈമണ്‍, വംശി കൃഷ്‌ണ, സലിം ബൈഗ്, സതീഷ് കൃഷ്‌ണന്‍, മായ എസ് കൃഷ്‌ണന്‍ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. മലയാളിയായ ജോമോന്‍ ടി ജോണാണ് സിനിമയ്‌ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുക.
അതേസമയം 'തങ്കലാൻ' (Thangalaan) ആണ് വിക്രമിന്‍റേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. പാ രഞ്ജിത്താണ് (Pa Ranjith) സിനിമയുടെ സംവിധാനം. കോലാര്‍ സ്വര്‍ണ ഖനിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം കൂടിയാണ് 'തങ്കലാൻ'. 'തങ്കലാന്‍റെ' ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു. 19-ാം നൂറ്റാണ്ടിൽ, ബ്രിട്ടീഷ് കാലഘട്ടത്തിൽ കെജിഎഫിൽ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പാ രഞ്ജിത്ത് തന്നെയാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
മണിരത്‌നത്തിന്‍റെ 'പൊന്നിയിൻ സെൽവൻ 2' ആണ് വിക്രമിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. 1955ല്‍ എഴുത്തുകാരന്‍ കല്‍ക്കി കൃഷ്‌ണമൂര്‍ത്തി രചിച്ച തമിഴ് നോവലിന്‍റെ സിനിമാറ്റിക് അവലംബമാണ് അതേ പേരില്‍ പുറത്തിറങ്ങിയ ചിത്രം. ഐശ്വര്യ റായ് ബച്ചൻ, തൃഷ, കാർത്തി, ജയം രവി, ജയറാം, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‌മി, ലാൽ, പ്രകാശ് രാജ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.
Also Read:'ഹിസ് നെയിം ഈസ് ജോണ്‍' നാളെ എത്തും ; 'ധ്രുവനച്ചത്തിരം' പാട്ടിന്‍റെ പ്രമോ പുറത്ത്