തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രമിനെ (Vikram) പ്രധാന കഥാപാത്രമാക്കി സംവിധായകൻ പാ. രഞ്ജിത്ത് (Pa. Ranjith) ഒരുക്കുന്ന ചിത്രമാണ് 'തങ്കലാൻ' (Thangalaan). കോലാര്‍ സ്വര്‍ണ ഖനിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. തമിഴ് സിനിമ ചരിത്രത്തിലെ മറ്റൊരു വമ്പൻ സിനിമയാകും 'തങ്കലാൻ' എന്നാണ് ആരാധകരുടെ പ്രതീക്ഷ.
പത്തൊമ്പതാം നൂറ്റാണ്ടിൽ, ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫിൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി തിരക്കഥ രചിച്ചതും സംവിധായകൻ തന്നെയാണ്. ഏറെ പ്രേക്ഷക - നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ 'നച്ചത്തിരം നഗര്‍കിറത്' എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തങ്കലാന്'.
ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായ വിവരം വിക്രം ആരാധകരെ അറിയിച്ചിട്ടുണ്ട്. ഒരു അഭിനേതാവെന്ന നിലയിൽ ഏറ്റവും ആവേശകരമായ ചില അനുഭവങ്ങൾ നേടാൻ തനിക്കായെന്ന് താരം കുറിച്ചു. ഈ സ്വപ്‌നം ജീവിക്കാൻ അനുവദിച്ചതിന് സംവിധായകൻ പാ. രഞ്ജിതിന് നന്ദിയും അറിയിക്കുന്നുണ്ട് വിക്രം.
സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസുമാണ് ഈ ചിത്രം നിർമിക്കുന്നത്. തങ്കലാൻ പ്രേക്ഷകർക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് കെ.ഇ. ജ്ഞാനവേൽ രാജയാണ്. സ്‌റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും 'തങ്കലാന്‍' എന്ന് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ നേരത്തേ വ്യക്തമാക്കിയിരുന്നു.
കഥാപാത്രത്തിന്‍റെ പൂർണതയ്‌ക്കായി ഏതറ്റവും പോകാറുള്ള നടൻ വിക്രം തന്നെയാണ് 'തങ്കലാ'ന്‍റെ പ്രധാന ആകർഷണം. ചിത്രത്തിലെ വിക്രത്തിന്‍റെ രൂപമാറ്റവും ഏറെ ചർച്ചയായിരുന്നു. ഏറെ വ്യത്യസ്‌തമായ ഗെറ്റപ്പിലാണ് വിക്രം 'തങ്കലാനി'ല്‍ എത്തുക. വിക്രത്തിന്‍റെ പ്രകടനം തന്നെയാകും ചിത്രത്തിന് കരുത്താകുക എന്നുറപ്പാണ്. ചിയാൻ വിക്രം നായകനാകുന്ന 61-ാമത്തെ ചിത്രം കൂടിയാണ് 'തങ്കലാൻ'.