ഹൈദരാബാദ്: തന്‍റെ രോഗാവസ്ഥയെ കുറിച്ച് കുറിപ്പ് പങ്കുവച്ചതിന് പിന്നാലെ സാമന്ത റൂത്ത് പ്രഭുവിനെ ചേര്‍ത്തു പിടിച്ച് തെലുഗു മെഗാസ്റ്റാര്‍ ചിരഞ്ജീവി. ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലാണ് ചിരഞ്ജീവി സാമന്തക്ക് കരുത്താകുന്ന വാക്കുകള്‍ പങ്കുവച്ചത്. നടി വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മെഗാസ്റ്റാര്‍ തന്‍റെ ട്വീറ്റില്‍ പറഞ്ഞു.
'പ്രിയപ്പെട്ട സാം, ജീവിതത്തിന്‍റെ പല ഘട്ടങ്ങളില്‍ നിരവധി വെല്ലുവിലികള്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരും. ഒരു പക്ഷേ നമ്മുടെ ശക്തി സ്വയം തിരിച്ചറിയാനാകും ഇത്തരം വെല്ലുവിളികള്‍ കടന്നു വരുന്നത്. എല്ലാ വെല്ലുവിളികളും നേരിടാന്‍ മനോധൈര്യമുള്ള അത്‌ഭുത പെണ്‍കുട്ടിയാണ് നിങ്ങള്‍. വളരെ പെട്ടെന്നു തന്നെ ഈ വെല്ലുവിളിയും നിങ്ങള്‍ തരണം ചെയ്യുമെന്ന് എനിക്ക ഉറപ്പുണ്ട്. ധൈര്യവും ശക്തിയും നിങ്ങളോടൊപ്പം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു', ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചു.
ശനിയാഴ്‌ച (ഒക്‌ടോബര്‍ 29) ആണ് തനിക്ക് മയോസിറ്റിസ് എന്ന രോഗം സ്ഥിരീകരിച്ചതായി സാമന്ത സോഷ്യൽ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചത്. തന്‍റെ വരാനിരിക്കുന്ന ചിത്രമായ യശോദയുടെ ട്രെയിലറിന് ലഭിച്ച മികച്ച പ്രതികരണത്തിന് ആരാധകർക്ക് നന്ദി പറയുന്നതിനിടെയാണ് താരം തന്‍റെ അവസ്ഥയെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ എഴുതിയത്.