മെഗാസ്റ്റാർ ചിരഞ്ജീവി നായകനായി പുതിയ ചിത്രം വരുന്നു. പ്രമുഖ പ്രൊഡക്ഷൻ ഹൗസായ യുവി ക്രിയേഷൻസിന്‍റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ചിരഞ്ജീവിയുടെ 156-ാമത്തെ സിനിമയാണ്. 'മെഗാ 156' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്‌ത സംവിധായകൻ വസിഷ്‌ഠയാണ്.
'മെഗാ 156'ന്‍റെ ലോഞ്ചിംഗും റെക്കോർഡിംഗ് സെഷനും നടന്നു. സംവിധായകൻ മാരുതിയാണ് സിനിമയുടെ ക്ലാപ്പ് ബോർഡ് ഡിസൈൻ ചെയ്‌തത്. ഷൂട്ടിംഗ് ആരംഭിച്ച സിനിമയുടെ ആദ്യ ഷെഡ്യൂളിൽ തന്നെ ചിരഞ്ജീവി പങ്കെടുക്കുന്നുണ്ട്.
ചിരഞ്ജീവി നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങൾക്കൊന്നും തന്നെ പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പുതിയ ചിത്രത്തിലൂടെ താരം ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് തന്നെയാണ് സിനിമാസ്വാദകരുടെ പ്രതീക്ഷ. 'ബിംബിസാര' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആർജിച്ച വസിഷ്‌ഠ ഒരുക്കുന്ന 'മെഗാ 156' നിരാശപ്പെടുത്തില്ലെന്ന പ്രത്യാശയിലാണ് ആരാധകരും.
സംവിധായകൻ വസിഷ്‌ഠ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിച്ചിരിക്കുന്നത്. ഫാന്‍റസി അഡ്വഞ്ചർ ജോണറിലാണ് 'മെഗാ156'ന്‍റെ നിർമാണം. വർഷങ്ങൾക്ക് ശേഷമാണ് ഒരു ഫാന്‍റസി ചിത്രത്തിൽ ചിരഞ്ജീവി പ്രത്യക്ഷപ്പെടുന്നത്. 'ജഗദേക വീരുഡു അതിലോക സുന്ദരി' (Jagadeka Veerudu Athiloka Sundari) പോലെ മറ്റൊരു ഫാന്‍റസി എന്‍റർടെയ്‌നർ തന്നെയാകും ചിരഞ്ജീവിയുടെ പുതിയ ചിത്രമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
യുവി ക്രിയേഷൻസിന്‍റെ ബാനറിൽ വിക്രം, വംശി, പ്രമോദ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ചിരഞ്ജീവിയുടെ ഇതുവരെയുള്ള സിനിമകളേക്കാൾ ചെലവേറിയ ചിത്രമായിരിക്കും 'മെഗാ156' എന്നാണ് വിവരം.