ചിരഞ്ജീവിയെ (Chiranjeevi) നായകനാക്കി മെഹര്‍ രമേശ് (Meher Ramesh) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഭോലാ ശങ്കര്‍' (Bholaa Shankar). തമന്ന ഭാട്ടിയയാണ് (Tamannaah Bhatia) ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഗാനത്തിന്റെ വരവറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. 'മിൽക്കി ബ്യൂട്ടി' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പ്രൊമോ വീഡിയോ (Milky Beauty Song Promo) പുറത്തെത്തി.
ചിരഞ്ജീവിയും തമന്നയുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. പാട്ടിന്റെ താളത്തിനൊപ്പം ചടുലമായ ചുവടുകളോടെ കാഴ്ചക്കാരുടെ ഹൃദയം കവരുകയാണ് തമന്നയും ചിരഞ്ജീവിയും. ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് യൂട്യൂബില്‍ ഗാനം ആസ്വദിച്ചത്. മഹതി സ്വര സാഗർ (Mahati Swara Sagar ) ഈണമിട്ട ഗാനം മഹതി സ്വര സാഗറും ഒപ്പം വിജയ് പ്രകാശ് (Vijay prakash), സഞ്ജന കൽമഞ്ചെ (Sanjana Kalmanje) എന്നിവരും ചേർന്നാണ് ആലപിച്ചത്.
ശിവയുടെ സംവിധാനത്തില്‍ 2015 ല്‍ പുറത്തെത്തിയ, തമിഴ് ചിത്രം 'വേതാള'ത്തിന്റെ (Vedalam) റീമേക്ക് ആണ് 'ഭോലാ ശങ്കര്‍'. 'വേതാള'ത്തില്‍ അജിത്ത് (Ajith Kumar) ആയിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. തെലുഗു റീമേക്കില്‍ ചിരഞ്ജീവി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അഡ്വ. ദീപിക എന്ന കഥാപാത്രമായാണ് തമന്ന എത്തുന്നത്.
എ കെ എന്റര്‍ടെയ്ന്‍മെൻസിന്റെ ബാനറില്‍ രാമബ്രഹ്മം സുങ്കരയാണ് 'ഭോലാ ശങ്കര്‍' ചിത്രത്തിന്റെ നിർമാണം. അജയ് സുങ്കര ആണ് സഹനിർമാതാവ്. എഡിറ്റിംഗ് നിർവഹിക്കുന്നത് മാര്‍ത്താണ്ഡ് കെ വെങ്കടേഷ് ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - കിഷോര്‍ ഗരികിപട്ടി, സംഘട്ടനം - റാം ലക്ഷ്മണ്, ദിലീപ് സുബ്ബരായന്‍, നൃത്തം - ശേഖര്‍ മാസ്റ്റര്‍ എന്നിവരും നിർവഹിക്കുന്നു.