യുവി ക്രിയേഷൻസിന്‍റെ ബാനറിൽ തെലുഗു സിനിമാലോകത്തെ മെഗാസ്റ്റാർ ചിരഞ്ജീവി (Chiranjeevi) നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'മെഗാ 156' ന്‍റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു (Mega 156 Title Poster Is Out). ദസറ ദിനത്തിലാണ് നിര്‍മാതാക്കള്‍ ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയത്. ത്രിശൂലവും സ്ഫോടനവും ഉള്‍ക്കൊള്ളുന്ന പശ്ചാത്തലമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ദസറ ആശംസകൾ നേര്‍ന്നുക്കൊണ്ട് മെഗാ മാസ്സ് ബിയോണ്ട് യൂണിവേഴ്‌സിനായി 'മെഗാ 156' ആരംഭിക്കുന്നു (Mega Mass Beyond Universe) എന്ന് പറഞ്ഞുകൊണ്ടാണ് നിർമ്മാതാക്കൾ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
'മെഗാ 157' എന്ന് പേര് നൽകിയിരുന്ന ചിത്രം പിന്നീട് മെഗാ 156 എന്ന് മാറ്റിയിരുന്നു. വംശി, പ്രമോദ്, വിക്രം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് ഒരു ഫാന്‍റസി ചിത്രത്തിൽ ചിരഞ്ജീവി പ്രത്യക്ഷപ്പെടുന്നത് എന്നതിനാല്‍ ആരാധകരും ആവേശത്തിലാണ്. ചിത്രത്തിന്‍റെ പ്രധാന അണിയറ പ്രവർത്തകരുടെ പേരുകളും നിർമാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്.
ചിത്രത്തിന്‍റെ തിരക്കഥ ഗന്ത ശ്രീധർ, ശ്രീനിവാസ് ഗവിറെഡ്ഡി, മയൂഖ് ആദിത്യ, നിമ്മഗദ്ദ ശ്രീകാന്ത്, മുൻ നിർമാതാവ് കാർത്തിക് ശബരീഷ് എന്നിവർ ചേർന്നാണ് തയ്യാറാക്കുന്നത്. ശ്രീ ശിവശക്തി ദത്ത, ചന്ദ്രബോസ് എന്നിവരുടെ വരികൾക്ക് 'ആർആർആർ' എന്ന ചിത്രത്തിലൂടെ അക്കാദമി അവാർഡ് കരസ്ഥമാക്കിയ എംഎം കീരവാണിയാണ് സംഗീതം നൽകുന്നത്. ഛായാഗ്രഹണം: ഛോട്ടാ കെ നായിഡു, സംഭാഷണങ്ങൾ: സായി മാധവ് ബുറ, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, സന്തോഷ് കാമിറെഡ്ഡി, പ്രൊഡക്ഷൻ ഡിസൈനർ: എ എസ് പ്രകാശ്, ലൈൻ പ്രൊഡ്യൂസർ: റാമിറെഡ്ഡി ശ്രീധർ റെഡ്ഡി, വസ്ത്രാലങ്കാരം: സുസ്‌മിത കൊനിഡേല, പിആർഒ: ശബരി.