ന്യൂആർട്‌സ് ക്രിയേഷൻസിൻ്റെ ബാനറിൽ (New Arts Creations) ഒരു കൂട്ടം യുവാക്കൾ ചേർന്ന് നിർമിക്കുന്ന 'ചിലർ അങ്ങനെയാണ്' (Chilar Anganeyanu) ചിത്രത്തിൻ്റെ പൂജ കഴിഞ്ഞു. ചലച്ചിത്ര - സാംസ്‌കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ പ്രശസ്‌ത നടനും നിർമാതാവുമായ കണ്ണങ്കൈ കുഞ്ഞിരാമൻ ഭദ്രദീപം തെളിയിച്ചു. പി.ടി. ചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
'നാലും ആറും പത്ത്', 'നീ' എന്നീ ചിത്രങ്ങൾക്ക് ശേഷം പി.ടി. ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചിലർ അങ്ങനെയാണ്'. നർമത്തിൽ ചാലിച്ചൊരുക്കുന്ന ഈ ചിത്രത്തിൻ്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത് മാധവൻ കൊല്ലമ്പാറയാണ്.
ഒക്ടോബർ അവസാന വാരത്തോടെ സിനിമയുടെ ചിത്രീകരണത്തിന് തുടക്കമാവും. കാസർഗോഡ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക. പ്രമുഖ താരങ്ങൾക്കൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
തൊഴിൽ രഹിതനായ ദേവൻ എന്ന ചെറുപ്പക്കാരന്‍റെ കഥയാണ് ചിത്രം പറയുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ, നർമത്തിനും പ്രാധാന്യം നൽകിക്കൊണ്ടാണ് സിനിമയുടെ നിർമാണം. ഉന്നത വിദ്യാഭ്യാസം നേടിയിട്ടും ഒരു ജോലിക്കായി അലയുന്ന ദേവനും അയാൾ കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളും എല്ലാമാണ് സിനിമയുടെ പ്രമേയം.
കഷ്‌ടപ്പാടിലും പ്രതിസന്ധികളിലും ഉഴറുന്ന ദേവൻ പഴയ കൂട്ടുകാരനായ സുഷമനെ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. അഭിജിത്ത് ആണ് ചിത്രത്തിന്‍റ ഛായാഗ്രാഹകൻ. രാഘവൻ കക്കാട്ടിന്‍റെ വരികൾക്ക് സംഗീതം പകരുന്നത് ഉണ്ണി വീണാലയം ആണ്. ഉണ്ണി മേനോൻ, ശില്‌പ എന്നിവരാണ് ഗായകർ.