രാഘവ ലോറൻസിനൊപ്പം (Raghava Lawrence) ബോളിവുഡ് നടി കങ്കണ റണാവത്തും (Kangana Ranaut) പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം 'ചന്ദ്രമുഖി 2' (Chandramukhi 2)വിന്‍റെ ചിത്രീകരണം പൂർത്തിയായി. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ മുൻപന്തിയിലുള്ള ‘മണിച്ചിത്രത്താഴി’ന്‍റെ (Manichitrathazhu) തമിഴ് റിമേക്കായ 'ചന്ദ്രമുഖി' (Chandramukhi) യുടെ രണ്ടാം ഭാഗമാണ് 'ചന്ദ്രമുഖി 2'. സിനിമയുടെ ചിത്രീകരണം പൂർത്തിയായതായി അണിയറ പ്രവർത്തകർ തന്നെയാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പി വാസുവാണ് 'ചന്ദ്രമുഖി 2' സംവിധാനം ചെയ്യുന്നത്. ഓസ്‌കർ ജേതാവ് എം.എം. കീരവാണിയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത് എന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. വടിവേലു, രാധിക ശരത്കുമാർ, ലക്ഷ്‌മി മേനോൻ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.
പ്രധാന ഇന്ത്യന്‍ ഭാഷകളിലേക്കല്ലാം റീമേക്ക് ചെയ്യപ്പെട്ട ചിത്രമായിരുന്നു ഫാസിലിന്‍റെ സംവിധാനത്തില്‍ 1993ല്‍ പുറത്തെത്തിയ 'മണിച്ചിത്രത്താഴ്'. ഈ ചിത്രത്തിന്‍റെ കന്നഡ റീമേക്ക് 'ആപ്‌തമിത്രയുടെ ഒഫിഷ്യല്‍ റീമേക്ക് ആയി പുറത്തുവന്ന ചിത്രമായിരുന്നു രജനീകാന്ത് നായകനായി എത്തിയ 'ചന്ദ്രമുഖി'. 'ആപ്‌തമിത്ര' സംവിധാനം ചെയ്‌ത പി വാസു തന്നെയായിരുന്നു ഈ ചിത്രവും ഒരുക്കിയത്.
തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ വൻ ഹിറ്റായിരുന്നു ഈ ചിത്രം. രണ്ടര വര്‍ഷത്തോളമാണ് തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ ചന്ദ്രമുഖി നിറഞ്ഞോടിയത്. 2005ലാണ് ചന്ദ്രമുഖി പുറത്തിറങ്ങിയത്. രജനീകാന്തിന് പുറമെ പ്രഭു, ജ്യോതിക, നയൻതാര, വിനീത് തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായി എത്തിയിരുന്നു. 17 വര്‍ഷത്തിന് ശേഷമാണ് ഇപ്പോൾ ഈ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നത്.
ജൂലൈ മധ്യത്തോടെയാണ് 'ചന്ദ്രമുഖി 2' ചിത്രീകരണം ആരംഭിച്ചത്. ആര്‍ ഡി രാജശേഖര്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കലാസംവിധാനം തോട്ട തരണിയും കൈകാര്യം ചെയ്യുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിനു മുന്നോടിയായി ചന്ദ്രമുഖിയുടെ ആദ്യ ഭാഗത്തെ നായകനായ രജനീകാന്തിനെ കണ്ട് ലോറന്‍സ് അനുഗ്രഹം വാങ്ങിയിരുന്നു. ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
അതേസമയം കങ്കണയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് 'എമർജൻസി' ('അടിയന്തരാവസ്ഥ'). അന്തരിച്ച, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷമാണ് പീരിയഡ് ചിത്രമായ 'എമർജൻസി'യിൽ താരം അവതരിപ്പിക്കുന്നത്. ഇന്ത്യൻ ചരിത്രത്തിലെ യഥാർഥ സംഭവങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ് ഈ ചിത്രമെന്നാണ് അണിയറ പ്രവർത്തകർ ഉന്നയിക്കുന്ന വാദം.
കങ്കണ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. കങ്കണയുടെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ ചിത്രം. ഇന്ത്യയുടെ ഉരുക്കുവനിത എന്നറിയപ്പെടുന്ന ഇന്ദിരാഗാന്ധിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തിനും സംവിധാനത്തിനും പുറമെ നിർമാതാവിന്‍റെ റോളിലും കങ്കണ തന്നെയാണ്.
ഇന്ദിര ഗാന്ധിയുടേതിന് സമാനമായ ഗെറ്റപ്പിലുള്ള കങ്കണയുടെ പോസ്റ്ററുകൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ഇരുണ്ട കാലഘട്ടമായി അടയാളപ്പെടുത്തിയ, അടിയന്തരാവസ്ഥ നടപ്പാക്കിയ 1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെയുള്ള കാലഘട്ടങ്ങളിലെ സംഭവങ്ങളാണ് സിനിമയ്‌ക്ക് ആധാരമെന്നാണ് റിപ്പോർട്ടുകൾ. അനുപം ഖേർ, മഹിമ ചൗധരി, വിശാഖ് നായർ, ശ്രേയസ് തൽപാഡെ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.
READ MORE:Kangana Ranaut about marriage | 'എല്ലാത്തിനും ഒരു സമയമുണ്ട്, ശരിയായ സമയത്ത് അത് സംഭവിക്കും': വിവാഹ സ്വപ്‌നങ്ങൾ തുറന്നുപറഞ്ഞ് കങ്കണ