ഹൈദരാബാദ്: രാജ്യത്തെ നടുക്കിയ ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി ചലച്ചിത്ര താരങ്ങളും. ചിരഞ്ജീവി, ജൂനിയര്‍ എന്‍ടിആര്‍, കിരണ്‍ ഖേര്‍ എന്നിവരാണ് അപകടത്തില്‍ അനുശോചിച്ച് രംഗത്തെത്തിയത്. 261 പേരുടെ മരണത്തിനും 900ലധികം പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയ ബാലസോര്‍ ട്രെയിന്‍ അപകടം ഇന്നലെ (02.06.23) രാത്രിയാണ് ഉണ്ടായത്.
ഒഡിഷയിലെ ട്രെയിൻ അപകടത്തിലും വലിയ ജീവഹാനിയിലും ഞാൻ ഞെട്ടിപ്പോയി. എന്‍റെ ഹൃദയം ദുഃഖിതരായ കുടുംബങ്ങള്‍ക്ക് ഒപ്പമാണ്. ജീവൻ രക്ഷിക്കാൻ രക്ത യൂണിറ്റുകളുടെ അടിയന്തര ആവശ്യമുണ്ടെന്ന് ഞാൻ മനസിലാക്കുന്നു. ഞങ്ങളുടെ എല്ലാ ആരാധകരും സമീപ പ്രദേശങ്ങളിലെ നല്ല സമരിയാക്കാരും ജീവൻ രക്ഷിക്കുന്നതിനാവശ്യമായ രക്ത യൂണിറ്റുകൾ എത്തിക്കണമെന്നും സാധ്യമായ എല്ലാ സഹായവും നൽകണം എന്നും ഞാന്‍ അഭ്യര്‍ഥിക്കുന്നു'. ചിരഞ്ജീവി പറഞ്ഞു...
'ദാരുണമായ ട്രെയിൻ അപകടത്തിൽ അകപ്പെട്ടവര്‍ക്കും അവരുടെ പ്രിയപ്പെട്ടവർക്കും ഹൃദയംഗമമായ അനുശോചനം. എന്‍റെ മനസ് ഈ വിനാശകരമായ സംഭവത്തിൽ അകപ്പെട്ട ഓരോരുത്തർക്കും ഒപ്പം ഉണ്ട്. ഈ പ്രയാസകരമായ സമയത്ത് ശക്തിയും പിന്തുണയും അവരെ വലയം ചെയ്യട്ടെ' -ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു.
'ഒഡിഷയിലെ ബാലസോറിലുണ്ടായ വിനാശകരമായ ട്രെയിൻ അപകടത്തെ കുറിച്ച് കേട്ടതിൽ ദുഃഖമുണ്ട്. എന്‍റെ ചിന്തകളും പ്രാർഥനകളും ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമുണ്ട്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു' - നടിയും രാഷ്‌ട്രീയ നേതാവുമായ കിരൺ ഖേർ ട്വിറ്ററിൽ കുറിച്ചു.
രാഷ്‌ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, രാഷ്‌ട്രീയ നേതാക്കള്‍, ലോക നേതാക്കള്‍ തുടങ്ങിയവരും അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. 'ഒഡിഷയിലെ ബാലസോറിലുണ്ടായ നിർഭാഗ്യകരമായ ട്രെയിൻ അപകടത്തിൽ വളരെ ദുഃഖമുണ്ട്. തന്‍റെ ചിന്ത ദുഃഖിതരായ കുടുംബങ്ങൾക്ക് ഒപ്പമാണ്. രക്ഷാപ്രവർത്തനം വിജയിക്കുന്നതിനും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും പ്രാർഥിക്കുന്നു' -എന്നാണ് രാഷ്‌ട്രപതി ദ്രൗപതി മുർമു ട്വിറ്ററിൽ കുറിച്ചത്.
Also Read:ഒഡിഷ ട്രെയിൻ ദുരന്തം; ഹെൽപ് ലൈൻ നമ്പറുകൾ അറിയാം, ദുഃഖം രേഖപ്പെടുത്തി പ്രമുഖര്‍
ഒഡിഷയിലെ ട്രെയിന്‍ അപകടം അങ്ങേയറ്റം ദുഃഖകരമാണെന്നും സംഭവസ്ഥലത്തെ സ്ഥിതിഗതികളെ കുറിച്ച് അന്വേഷിച്ചു എന്നും അപകടത്തില്‍ പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്‌തു. ഈ ദുഷ്‌കരമായ സമയത്ത് കേരളം ഒഡിഷയോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. 'ഒഡിഷയിലെ ദാരുണമായ ട്രെയിൻ അപകടത്തിൽ അഗാധമായ ദുഃഖമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട ദുഃഖിതരായ കുടുംബങ്ങൾക്ക് എന്‍റെ ഹൃദയംഗമമായ അനുശോചനം. ഈ ദുഷ്‌കരമായ സമയത്ത് കേരളം ഒഡിഷയോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു' -പിണറായി വിജയന്‍ ട്വീറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്.
അതേസമയം, അതിദാരുണമായ അപകടത്തെ തുടര്‍ന്ന് ഒഡിഷയില്‍ ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചു. അപകട സ്ഥലം സന്ദര്‍ശിച്ച കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്‌ണവും മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിരുന്നു. 10 ലക്ഷം രൂപയാണ് ധനസഹായം. പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടവര്‍ക്ക് 50,000 രൂപയും കേന്ദ്രം ധനസഹായം നല്‍കും.
Also Read:അനുശോചനം രേഖപ്പെടുത്തി പിണറായി: തമിഴ്‌നാട് മന്ത്രിമാര്‍ ബാലസോറിലേക്ക്, ദുഃഖാചരണം പ്രഖ്യാപിച്ച് സ്റ്റാലിൻ