മധുര (തമിഴ്‌നാട്) :സിനിമ താരങ്ങളായ പ്രകാശ് രാജ്, ബോബി സിംഹ എന്നിവര്‍ക്കെതിരായ പൊതുതാത്‌പര്യ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി സര്‍ക്കാര്‍. കൊടൈക്കനാലിലെ താരങ്ങളുടെ ആഢംബര ബംഗ്ലാവുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത് (luxury bungalows construction case against Prakash Raj and Bobby Simha). ബംഗ്ലാവുകളുടെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവച്ചതായും താരങ്ങള്‍ക്കെതിരെ നിയമ നടപടി ആരംഭിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി.
ദിണ്ടിഗല്‍ സ്വദേശിയായ മുഹമ്മദ് ജുനൈദ് ആണ് നടന്‍മാര്‍ക്കെതിരെ കോടതിയെ സമീപിച്ചത്. കൊടൈക്കനാല്‍ വില്‍പട്ടിയില്‍ പ്രകാശ് രാജും ബോബി സിംഹയും ചേര്‍ന്ന് ആഢംബര ബംഗ്ലാവുകള്‍ പണിതത് ശരിയായ അനുമതി ഇല്ലാതെയാണ് എന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു (case against actors Prakash Raj and Bobby Simha). അനധികൃതമായ നിര്‍മാണം പ്രദേശത്ത് മണ്ണിടിച്ചിലിന് കാരണമാകുമെന്നും സമീപത്തെ വീടുകള്‍ക്ക് ഭീഷണി ആകുമെന്നും ജുനൈദ് ഹര്‍ജിയില്‍ ആരോപിക്കുന്നു. കൊടൈക്കനാല്‍ മുനിസിപ്പാലിറ്റിയില്‍ നിന്ന് ആവശ്യമായ അനുമതി താരങ്ങള്‍ കൈപ്പറ്റാതെയാണ് ബംഗ്ലാവുകളുടെ നിര്‍മാണം നടത്തിയതെന്നും ആരോപണം ഉണ്ട്.
കൂടാതെ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച്, യന്ത്രങ്ങള്‍ ഉപയോഗിച്ച് മലയില്‍ നിന്ന് പാറകള്‍ നീക്കം ചെയ്‌തതായും പറയപ്പെടുന്നു. മധുര ഹൈക്കോടയില്‍ ജസ്റ്റിസുമാരായ കൃഷ്‌ണ കുമാര്‍, വിജയ കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ബംഗ്ലാവുകളുടെ നിര്‍മാണം നിര്‍ത്തിവച്ചത് രേഖപ്പെടുത്തിയ ജഡ്‌ജി, പ്രകാശ് രാജ്, ബോബി സിംഹ എന്നിവര്‍ക്കെതിരെ സ്വീകരിച്ച നിയമ നടപടി സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. കേസ് വീണ്ടും പരിഗണിക്കുന്നതിനായി ജനുവരി ഒന്‍പതിലേക്ക് മാറ്റി.