ലോകത്തെ ഏറ്റവും വിപുലമായ ചലച്ചിത്ര മേളയായായ കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ 76-ാമത് പതിപ്പിന് കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് റിവൈറയിൽ തിരശ്ശീല വീണത്. വിവിധ കാറ്റഗറികളിലായി നൂറ് കണക്കിന് ചിത്രങ്ങളാണ് ചലച്ചിത്രമേളയിൽ മാറ്റുരച്ചത്. ഫ്രഞ്ച് ചലച്ചിത്ര സംവിധായികയും തിരക്കഥാകൃത്തും എഡിറ്ററുമായ ജസ്റ്റിൻ ട്രയറ്റിന്‍റെ 'അനാട്ടമി ഓഫ് എ ഫാൾ' ആണ് കാൻ ചലച്ചിത്രോത്സവത്തിലെ പ്രധാന പുരസ്‌കാരമായ ഗോൾഡൻ പാം സ്വന്തമാക്കിയത്.
21 സിനിമകളോട് മത്സരിച്ചാണ് 'അനാട്ടമി ഓഫ് എ ഫാളി'ന്‍റെ ചരിത്ര നേട്ടം. ഭർത്താവിന്‍റെ മരണത്തിൽ കുറ്റാരോപിതയായ സ്‌ത്രീ തന്‍റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കുന്ന കഥയാണ് 'അനാട്ടമി ഓഫ് എ ഫാൾ' പറയുന്നത്.
ജർമൻ എഴുത്തുകാരിയായ സാന്ദ്ര, ദുരൂഹ സാഹചര്യത്തിൽ തന്‍റെ ഭർത്താവ് മഞ്ഞുമലയിൽ വച്ച് മരണപ്പെട്ട വിവരം അറിയുന്നു. പിന്നാലെ അവർക്കുമേല്‍ കൊലപാതകക്കുറ്റം ആരോപിക്കപ്പെടുകയും അറസ്റ്റിലാകുകയും ചെയ്യുന്നു. വിചാരണക്കിടെ തന്‍റെ നിരപരാധിത്വം തെളിയിക്കാൻ എഴുത്തുകാരി നടത്തുന്ന ശ്രമങ്ങളിലൂടെയാണ് 'അനാട്ടമി ഓഫ് എ ഫാൾ' മുന്നോട്ട് നീങ്ങുന്നത്.
സാന്ദ്ര ഹുല്ലർ ആണ് ജർമൻ എഴുത്തുകാരിയായി വേഷമിടുന്നത്. സാന്ദ്ര ഹുല്ലറുടെ പകരം വയ്‌ക്കാനില്ലാത്ത അസാമാന്യ പ്രകടനവും എടുത്തു പറയേണ്ടതാണ്.
കാനില്‍ വനിത സംവിധായകർ ശക്തമായ സാന്നിധ്യം അറിയിച്ച വർഷം കൂടിയായി 2023. 'അനാട്ടമി ഓഫ് എ ഫാളി'ന്‍റെ പുരസ്‌കാര നേട്ടത്തോടെ ഫെസ്റ്റിവലില്‍ ഗോൾഡൻ പാം നേടുന്ന മൂന്നാമത്തെ വനിതയായി ഫ്രഞ്ച് സംവിധായക ജസ്റ്റിൻ ട്രയറ്റ് മാറി. ഈ നേട്ടം തന്നെ "ആഴത്തിൽ സ്‌പർശിച്ചു" എന്നായിരുന്നു ജസ്റ്റിൻ ട്രയറ്റിന്‍റെ പ്രതികരണം.
"ഈ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയായതിൽ ഞാൻ വളരെ സന്തോഷവതിയാണ്. കാര്യങ്ങൾ ശരിക്കും മാറിക്കൊണ്ടിരിക്കുകയാണ്, മികച്ച നിലയില്‍ തന്നെയാണ് ആ മാറ്റങ്ങൾ"- അവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തന്‍റെ പ്രസംഗത്തിനിടെ, ഫ്രാൻസിൽ വിരമിക്കൽ പ്രായം വർധിപ്പിക്കുന്ന നിയമം ഏർപ്പെടുത്തിയ പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ സർക്കാരിനെ ട്രൈറ്റ് വിമർശിക്കുകയും ചെയ്‌തു.
അതേസമയം ഈ വർഷം കാനിൽ മത്സരിച്ച 21 എൻട്രികളിൽ ഏഴെണ്ണം സ്‌ത്രീകളുടേതായിരുന്നു. കൂടാതെ സങ്കീർണ്ണമായ കഥാപാത്രങ്ങൾക്ക് ജീവന്‍ നല്‍കി നിരവധി അഭിനേത്രികളാണ് കാനില്‍ അവിസ്‌മരണീയമായ പ്രകടനം കാഴ്‌ചവച്ചത്. 'അനാട്ടമി ഓഫ് എ ഫാൾ' സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'മെസ്സി ദ ബോർഡർ കോളി' എന്ന നായയും കാഴ്‌ചക്കാരില്‍ അത്‌ഭുതം നിറച്ചു. സിനിമയിലെ മികച്ച പ്രകടനം പാം ഡോഗ് അവാർഡും മെസ്സിക്ക് നേടിക്കൊടുത്തു.
കാൻ പരമ്പരാഗതമായി ഒരു ചിത്രത്തിന് ഒരു പുരസ്‌കാരം മാത്രമേ നല്‍കൂ എന്നിരിക്കെ 'അനാട്ടമി ഓഫ് എ ഫാളി'ലെ അസാമാന്യ പ്രകടനത്തിന് ഹ്യൂല്ലർ അവാർഡ് നേടിയില്ലെങ്കിലും യഥാർഥത്തില്‍ അവർ തന്നെയായിരുന്നു ആ രാത്രിയിലെ സ്‌റ്റാർ. റണ്ണർ അപ്പ് ഗ്രാൻഡ് പ്രിക്‌സ് നേടിയ ബ്രിട്ടന്‍റെ ജോനാഥൻ ഗ്ലേസറിന്‍റെ 'ദി സോൺ ഓഫ് ഇന്‍ററസ്റ്റി'ലും ശ്രദ്ധേയ സാന്നിധ്യമായി ഹ്യൂല്ലർ ഉണ്ടായിരുന്നു.