ലോസ് എയ്ഞ്ചൽസ്: ഓസ്‌കറിലെ ഏറ്റവും മികച നായക നടനുള്ള പുരസ്‌കാരനേട്ടത്തിൻ്റെ തിളക്കത്തിലാണ് ബ്രെൻഡൻ ഫ്രേസർ. ഒരുപാട് പേരുടെ കുട്ടിക്കാലത്തെ പ്രിയപ്പെട്ട സിനിമയായ ‘ജോർജ് ഓഫ് ദ് ജംഗിൾ’ ലെ ബ്രെൻഡൻ അവതരിപ്പിച്ച ജോർജ് എന്ന കഥാപാത്രം എന്നും കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്‌ടമുള്ള കഥാപാത്രമാണ്. ജോർജായി വന്ന ബ്രെൻഡൻൻ്റെ അന്നത്തെ ശരീരവും, തമാശകളും, ഭാവഭേദങ്ങളുമെല്ലാം തൊന്നൂറുകളിലെ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതായി മാറി. മരവള്ളികളിൽ തൂങ്ങിയുള്ള സിനിമയിലെ ജോർജിൻ്റെ വരവിന് ചിരിക്കാത്തവർ അപൂർവമാണ്. അത് അനുകരിച്ച് കളിച്ച് അമ്മയുടെ കൈയില്‍ നിന്ന് വഴക്കും, അടിയും കിട്ടിയവരും ഏറെയാണ്.
‘ദ മമ്മി’ യാണ് ഫ്രേസറിൻ്റെ മറ്റൊരു ശ്രദ്ധേയമായ സിനിമ. ഏറെ സാഹസികത നിറഞ്ഞ സിനിമയിലെ ഫ്രേസറിൻ്റെ 'റിക്ക്' എന്ന കഥാപാത്രത്തിൻ്റെ യാത്രകളെയും, സാഹസികതയേയും പ്രേക്ഷകർ ഏറെ ആരാധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഈജിപ്‌റ്റിലെ പിരമിഡുകൾക്കുള്ളിലുള്ള മമ്മികൾക്ക് ജീവൻ വക്കുന്നതും തുടർന്ന് അവരെ തടയാനും, തകർക്കാനും റിക്കും കൂട്ടാളികളും ശ്രമിക്കുന്നതുമായിരുന്നു കഥ.
ദ വെയ്‌ൽ:എന്നാൽ അധികം വൈകാതെ തന്നെ ബിഗ് സ്ക്രീനിൽ നിന്നും ഫ്രേസർ അപ്രധ്യക്ഷമാവുകയായിരുന്നു. അമിതവണ്ണവും, വിഷാദ രോഗവും ഫ്രേസറിൻ്റെ ജീവിതത്തെ ഒരുപാട് ബാധിച്ചു. ഇതൊന്നും കൂടാതെ ഫ്രേസറിൻ്റെ മുൻ ഭാര്യ ഫ്രേസറിനെതിരെ ഫയൽ ചെയ്‌ത ജീവനാംശ കേസും ഫ്രേസറിനെ വളരേ പ്രതികൂലമായി ബാധിച്ചിരുന്നു. ‘ദ വെയ്‌ൽ’ എന്ന സിനിമയിലെ പ്രകടനത്തിനാണ് ഫ്രേസറിന് അക്കാദമി അവാർഡ് ലഭിക്കുന്നത്. ഡാരൻ അരൊണോഫ്‌സ്‌കി സംവിധാനം നിർവഹിച്ച സിനിമയിൽ പൊണ്ണത്തടി മൂലം കഷ്‌ടതകൾ അനുഭവിക്കുന്ന ഒരു അധ്യാപകൻ മകളുമായി സ്‌നേഹ ബന്ദം നിലനിർത്താൻ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. തൻ്റെ ജീവിതാനുഭവങ്ങൾ സിനിമയിലെ തൻ്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഫ്രേസറിനെ ഏറെ സഹായിച്ചു കാണണം. അത്രയും ഹൃദയ സ്‌പർശിയായ അഭിനയമാണ് ഫ്രേസർ സിനിമയിൽ കാഴ്ച്ച വച്ചിരിക്കുന്നത്.
also read:‘Oscars 2023:ഓസ്‌കർ നേടിയ സിനിമകൾ ഏത് ഒടിടിയിലാണ് സ്ട്രീം ചെയ്യുന്നത്?’.
സൂപ്പർ സ്യൂട്ട്:കരഞ്ഞുകൊണ്ട് ശ്വാസമെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ബ്രെൻഡൻ ഫ്രേസർ ഓസ്‌കർ വേദിയിൽ നിന്നത്. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം കരച്ചിലിനിടയിൽ ഏറെ പണിപ്പെട്ടാണ് ഫ്രേസർ തൻ്റെ പ്രസഗം പറഞ്ഞ് അവസാനിപ്പിച്ചത്. 272 കിലോ ശരീരഭാരമുള്ള ആളായാണ് ഫ്രേസർ സിനിമയിൽ അഭിനയിക്കുന്നത്. ഫ്രേസറിനെ ആ രൂപത്തിൽ ആക്കിയെടുക്കാൻ അഡ്രിയൻ മൊറോട്ട്, ജൂഡി ചിൻ, ആൻമേരി ബ്രാഡ്ലി എന്നിവരുടെ പരിശ്രമവും എടുത്ത് പറയേണ്ട ഒന്നാണ്. മികച്ച മേക്കപ്പിനും, ഹെയർ സ്റ്റെലിനും ഉള്ള അവാർഡുകളാണ് ഇവർ സ്വന്തമാക്കിയത്. ക്രിത്രിമ കൊഴുപ്പു ഉപയോഗിച്ചാണ് ഫ്രേസറിനെ ഇവർ കഥാപാത്രത്തിലേക്കെത്തിച്ചത്. 3D പ്രിൻ്റിങ് ഉപയോഗിച്ചാണ് ഇവർ ഫ്രേസറിൻ്റെ സ്യൂട്ട് നിർമിച്ചത്. ഫ്രേസറിൻ്റെ ഈ സിലിക്കൺ സ്യൂട്ടാണ് സിനിമയിൽ മനുഷ്യൻ ചലിക്കുന്ന പോലെയുള്ള ചലനങ്ങൾ ഉണ്ടാക്കാൻ സംവിധായകനെ സഹായിച്ചത്. 4 മണിക്കൂറിലധികം സമയമാണ് ഫ്രേസറിനെ ഈ സ്യൂട്ട് ധരിപ്പിക്കാനായെടുത്തിരുന്നത്.