പ്രഖ്യാപന സമയം മുതൽ തലക്കെട്ടുകളിൽ നിറഞ്ഞുനിന്നിരുന്ന ചിത്രമാണ് അയാൻ മുഖർജിയുടെ സംവിധാനത്തിലൊരുങ്ങുന്ന ബ്രഹ്മാസ്‌ത്ര. രൺബീർ കപൂറും ആലിയ ഭട്ടും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ ബജറ്റിനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 410 കോടിയാണ് സിനിമയുടെ നിർമാണച്ചെലവ്. പബ്ലിസിറ്റിയും പ്രിന്‍റിങ്ങും ഒഴികെയുള്ള ചെലവാണിത്. ഇതോടെ ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രമാണിതെന്നാണ് ഒരു പ്രമുഖ മാധ്യമത്തിന്‍റെ റിപ്പോർട്ട് പറയുന്നത്.
2018ൽ റിലീസ് ചെയ്‌ത വൈആർഎഫിന്‍റെ തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാൻ ആണ് ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഹിന്ദി ചിത്രം. ആമിർ ഖാനും അമിതാഭ് ബച്ചനും ഒന്നിച്ച ചിത്രത്തിന്‍റെ നിർമാണ ചെലവ് 310 കോടി രൂപയായിരുന്നു.
സിനിമയിലെ വിഎഫ്‌എക്‌സുകളാണ് ഉയർന്ന ബജറ്റിന് കാരണം. ചിത്രത്തിൽ അണിയറ പ്രവർത്തകർക്ക് മികച്ച ആത്മവിശ്വാസമാണെന്ന് വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോർട്ട് പറയുന്നു.