ഭോപ്പാൽ : ദീപിക പദുകോണും ഷാരൂഖ് ഖാനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം 'പഠാൻ' ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ബിജെപി നേതാവും മുൻ മന്ത്രിയുമായ ജയ്ഭാൻ സിംഗ് പവയ്യ. മധ്യപ്രദേശിൽ ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന സർക്കാരിന്‍റെ പ്രസ്‌താവനയെ പിന്തുണയ്‌ക്കുന്നുവെന്നും കാവിയോട് ഭക്തിയുള്ളവർ ഈ ചിത്രം ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗാനത്തില്‍ ദീപിക അശ്ലീലമായ രീതിയിലാണ് വസ്ത്രം ധരിച്ചിരിക്കുന്നത്. കാവി ഇഷ്‌ടപ്പെടുന്നവരെ വിഷമിപ്പിക്കുന്ന തരത്തിലാണ് ഗാനത്തിലെ വസ്‌ത്രധാരണം. 'ബേഷരം രംഗ്' എന്ന് തുടങ്ങുന്ന ഗാനത്തിൽ നടി ദീപിക പദുകോൺ കാവി നിറത്തിലുള്ള വസ്‌ത്രം ധരിച്ചത് ചൂണ്ടിക്കാട്ടിയാണ് വിവാദങ്ങൾ.
ഗാനം പുറത്തുവന്നതോടെ പ്രതിഷേധവുമായി ബിജെപി : ഡിസംബർ 12നാണ് പഠാൻ ചിത്രത്തിലെ ഗാനം പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് വസ്‌ത്രധാരണം ചൂണ്ടിക്കാട്ടി വിവാദങ്ങൾ ആരംഭിച്ചത്. ചിത്രത്തിനെതിരെ നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് പഠാനിലെ ഗാനരംഗത്തിനെതിരെ ആദ്യം കുറ്റപ്പെടുത്തലുമായെത്തിയത്.
2016ലെ ജെഎന്‍യു കേസിലെ 'ടുക്‌ഡെ ടുക്‌ഡെ' സംഘത്തെ പിന്തുണയ്‌ക്കുന്ന വ്യക്തിയാണ് ദീപിക. ഗാനത്തിലെ രംഗങ്ങളില്‍ താരം ധരിച്ചിരിക്കുന്ന വേഷം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. മലിനമായ മാനസികാവസ്ഥയിലാണ് ഇത്തരമൊരു ഗാനം ചിത്രീകരിച്ചിരിക്കുന്നതെന്നുമായിരുന്നു നരോത്തം മിശ്ര പറഞ്ഞത്.