ചെന്നൈ: ബോളിവുഡ് ചലച്ചിത്ര താരവും ദേശീയ അവാർഡ് ജേതാവുമായ ഭാനുരേഖ എന്ന രേഖയ്‌ക്ക് ഇന്ന് 65-ാം പിറന്നാള്‍. ചലച്ചിത്ര മേഖലയിൽ വളരെ ചെറിയ കാലയളവുകൊണ്ട് തന്നെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച അഭിനേത്രിയാണ് രേഖ. അഭിനേതാക്കളായ രക്ഷിതാക്കളുടെ പാത പിന്തുടർന്ന് വന്ന രേഖയ്‌ക്ക് സിനിമ ലോകത്തിന്‍റെ ആദ്യാനുഭവങ്ങൾ കയ്‌പു നിറഞ്ഞതായിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് തന്‍റെ കുടുംബത്തെ രക്ഷിക്കാനായിരുന്നു രേഖ ചലച്ചിത്ര രംഗത്തേക്ക് കാലെടുത്ത് വച്ചത്. അല്ല, കൗമാരക്കാരിയായ ഒരു ഒൻപതാം ക്ലാസുകാരി വലിച്ചിഴക്കപ്പെട്ടത് എന്ന് തന്നെ പറയാം. അവരുടെ ദുർബലതയെ മുതലെടുക്കുന്നതിൽ യാതോരു ദാക്ഷിണ്യവും ചുറ്റുമുള്ളവരും കാട്ടിയില്ല. പക്ഷെ ഒത്തിരി വൈകിയില്ല, സാവൻ ഭഡോണിലെ അരങ്ങേറ്റത്തിന് ശേഷം, സൗത്ത്, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകർ രേഖയുടെ ഒപ്പിന് വേണ്ടി ക്യൂ നിന്നു.
സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും അത്രയേറെ എളുപ്പത്തിൽ അവർ തന്‍റെ തൊഴിൽ മേഖലയിൽ തിളങ്ങി. സിനിമ ചിത്രീകരണത്തിന്‍റെ പല ഘട്ടങ്ങളിലും രേഖയ്‌ക്ക് തന്‍റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി അഭിനയിക്കേണ്ടി വന്നു. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ നേരിടേണ്ടി വന്നപ്പോൾ രേഖയെ താൻ ഇതിനകം ചെയ്‌തിരുന്ന തൊഴിലിനോട് വെറുപ്പുണ്ടാക്കി.