പ്രശസ്‌ത എഴുത്തുകാരന്‍ ബെന്യാമിന്‍റെ പ്രശസ്‌ത കൃതി 'ആടുജീവിതം' എന്ന നോവലിനെ ആസ്‌പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അതേ പേരില്‍ പുറത്തിറങ്ങുന്ന 'ആടുജീവിതം'. പൃഥ്വിരാജ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. പ്രഖ്യാപനം മുതല്‍ മലയാളികളും മലയാള സിനിമയ ലോകവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയെ കുറിച്ച് പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്.
ഈ വര്‍ഷം തന്നെ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്‍റെ അവസാന പണിപ്പുരയിലാണ് നിര്‍മാതാക്കളും അണിയറ പ്രവര്‍ത്തകരും. ഇതിനിടെയാണ് സിനിമയുടെ ട്രെയിലര്‍ ചോര്‍ന്നതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിന് പിന്നാലെ ഔദ്യോഗിക ട്രെയിലര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
നടന്‍ പൃഥ്വിരാജിന്‍റെ പ്രൊഡക്ഷന്‍ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ട്രെയിലര്‍ പുറത്തു വിട്ടിരിക്കുന്നത്. 'ആടുജീവിതം' ട്രെയിലര്‍ ചോര്‍ന്നുവെന്ന വാര്‍ത്തയോടു പ്രതികരിച്ച് കൊണ്ടാണ് താരം ട്രെയിലര്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ട്രെയിലര്‍ എല്ലാവര്‍ക്കും ഇഷ്‌ടമാകുമെന്നാണ് പൃഥ്വിരാജ് പറയുന്നത്.
'അതെ, അത് മനഃപൂർവമല്ലായിരുന്നു. ഇത് ഓൺലൈനിൽ ലീക്ക് ആക്കാനായി ഒരുക്കിയതല്ല. എന്നാൽ ഫെസ്‌റ്റിവൽ സർക്യൂട്ടുകൾക്ക് മാത്രമായി കട്ട് ചെയ്‌ത ആടുജീവിതം ട്രെയിലർ ഓൺലൈനില്‍ എത്തിയത് നിങ്ങളിൽ മിക്കവർക്കും അറിയാമെന്ന് ഞാൻ ഊഹിക്കുന്നു. അതുകൊണ്ട് ഇതാ, ആടുജീവിതം, ദ ഗോട്ട് ലൈഫ് (പൂര്‍ത്തിയായിട്ടില്ല, ജോലി പുരോഗമിക്കുന്നു) എന്ന സിനിമയുടെ ചലച്ചിത്ര മേളക്കായുള്ള ട്രെയിലര്‍.. നിങ്ങള്‍ക്ക് ഇത് ഇഷ്‌ടമാകുമെന്ന് കരുതുന്നു' -ഇപ്രകാരമാണ് പൃഥ്വിരാജ് കുറിച്ചത്.
Also Read:ആരാധകരെ ഞെട്ടിച്ചുകൊണ്ട് പൃഥ്വിയുടെ പുതിയ രൂപം
ട്രെയിലര്‍ ലീക്കായെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് എഴുത്തുകാരന്‍ ബെന്യാമിനും രംഗത്തെത്തിയിരുന്നു. യൂട്യൂബില്‍ വന്നിട്ടുള്ള ആടുജീവിതം ട്രെയിലര്‍ ഔദ്യോഗികമല്ലെന്ന് സംവിധായകന്‍ ബ്ലെസിക്ക് വേണ്ടി ഇവിടെ താന്‍ അറിയിക്കുന്നുവെന്ന് ഫേസ്‌ബുക്കില്‍ കുറിച്ച് കൊണ്ടാണ് ബെന്യാമിന്‍ രംഗത്തെത്തിയത്.