ജീവിതഗന്ധിയായ നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് ശക്തമായ സാന്നിധ്യം അറിയിച്ച സംവിധായകനാണ് ബ്ലെസി. മലയാളത്തിലെ എക്കാലത്തെയും കൾട്ട് ക്ലാസിക് ചിത്രങ്ങളുടെ തമ്പുരാക്കന്മാരായ പദ്‌മരാജന്‍റെയും ലോഹിതദാസിന്‍റെയും ഭരതന്‍റെയും ഒപ്പം സഹ സംവിധായകനായാണ് ബ്ലെസി തന്‍റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 'കാഴ്‌ച' ആയിരുന്നു ബ്ലെസിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം (Blessy's directorial debut Kaazhcha).
മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടി നായകനായ 'കാഴ്‌ച' മലയാള സിനിമയ്‌ക്ക് ഒരു പുത്തൻ സിനിമാനുഭവം തന്നെയാണ് സമ്മാനിച്ചത് (Blessy Mammootty Kaazhcha Movie). 2004ലെ ഓഗസ്റ്റ് മാസത്തിലായിരുന്നു ഈ ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ 'കാഴ്‌ച' 19 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് (19 Years of Kaazhcha).
വൈവിധ്യമാർന്ന കഥകളും മനസിനെ ഉലയ്ക്കുന്ന കഥാപാത്രങ്ങളും കഥാ മുഹൂർത്തങ്ങളുമെല്ലാം ബ്ലെസി ചിത്രങ്ങളുടെ പതിവ് ചേരുവകളാണ്. ആദ്യ ചിത്രമായ 'കാഴ്‌ച' മുതൽ സിനിമാസ്വാദകർ അത് നുണയാൻ തുടങ്ങിയതുമാണ്. കാഴ്‌ചക്കാരന് എളുപ്പം റിലേറ്റ് ചെയ്യാൻ കഴിയുന്ന, സാധാരണക്കാരായ മനുഷ്യരായിരുന്നു ബ്ലെസിയുടെ കഥാപാത്രങ്ങളെല്ലാം (Blessy Mammootty Kaazhcha Movie ).
'കാഴ്‌ച'യിലെ ഫിലിം ഓപ്പറേറ്ററായ മാധവന്‍ നമുക്ക് അപരിചിതനായിരുന്നില്ല. 'കാഴ്‌ച'യുടെ കഥാപരിസരത്തിലേക്ക് എളുപ്പം ഊളിയിടാൻ പ്രേക്ഷകന് സാധിച്ചതിലും ബ്ലെസിയുടെ ക്രാഫ്റ്റ് തന്നെയാണ് കയ്യടി അർഹിക്കുന്നത്.
കണ്ണിൽ നിന്നും മായാതെ ബ്ലെസിയുടെ 'കാഴ്‌ച' : മലയാളികളുടെ ഉള്ളുതൊട്ട ചിത്രമായിരുന്നു 'കാഴ്‌ച'. എന്നും കാഴ്‌ചക്കാരിൽ ഒരു നെടുവീർപ്പ് ബാക്കിയാക്കുന്ന ദൃശ്യഭാഷ്യം. ഇന്നും അതിന്‍റെ ആഴവും പരപ്പും സിനിമാസ്വാദകരുടെ ഉള്ളിൽ തെല്ലും കുറഞ്ഞിട്ടില്ല.
കുട്ടനാട്ടുകാരനായ ഫിലിം ഓപ്പറേറ്റർ മാധവനിലൂടെയാണ് 'കാഴ്‌ച' മിഴി തുറക്കുന്നത്. പിന്നീട് ഗുജറാത്ത് ഭൂകമ്പത്തെ തുടർന്ന് ഉറ്റവരെ നഷ്‌ടമായ പവൻ എന്ന ബാലൻ മാധവനിലേക്ക് എത്തുന്നതിലൂടെ 'കാഴ്‌ച'യുടെ കഥ തുടങ്ങുകയായി. ദേശമോ ഭാഷയോ അതിവർവരമ്പുകൾ തീർക്കാത്ത ഇവരുടെ ഊഷ്‌മളമായ ബന്ധം കാണികളുടെ ഹൃദയത്തെ ആഴത്തിൽ സ്‌പർശിക്കുന്നതാണ്.
അവിചാരിതമായാണ് പവൻ മാധവന്‍റെ അരികിൽ എത്തിപ്പെടുന്നത്. ഭൂകമ്പത്തെ തുടർന്ന് അനാഥനായി, ഭിക്ഷാടക സംഘത്തിന്‍റെ കയ്യിലകപ്പെട്ട പവൻ അവിടെ നിന്നും രക്ഷപ്പെട്ടാണ് സിനിമാപ്രദർശനം നടത്തി ജീവിക്കുന്ന മാധവന്‍റെ അരികിൽ എത്തിച്ചേരുന്നത്. തുടർന്ന് അയാൾ അവനെ തന്‍റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്.
പിന്നാലെ കഥാഗതിയിലും ബ്ലെസി മാറ്റം വരുത്തുന്നു. പൊലീസ് സ്റ്റേഷനും അനാഥാലയവും കോടതി മുറിയും ഒക്കെയായി പിന്നീടുള്ള രംഗങ്ങൾ. മാധവന്‍റെ കുടുംബത്തിനൊപ്പം പുതിയ ജീവിതം ആരംഭിക്കാൻ ഒരുങ്ങിയ പവനെ ഗുജറാത്തിലേക്ക് തിരിച്ചയക്കാൻ കോടതി ഉത്തരവ് വരുന്നു. ഇന്നുവരെ സ്വന്തം നാടുവിട്ട് പുറത്തുപോയിട്ടില്ലാത്ത മാധവനും അവനൊപ്പം ഗുജറാത്തിലേക്ക് യാത്ര തിരിക്കുകയായി.