വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ബിനു അടിമാലി actor binu adimali ആശുപത്രി വിട്ടു. തനിക്ക് ഇപ്പോൾ യാതൊരു കുഴപ്പവുമില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. എല്ലാവരും നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്‌തുവെന്ന് പറഞ്ഞ ബിനു അടിമാലി തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും പറഞ്ഞു.
കാലിന് ഇപ്പോൾ എങ്ങനെയുണ്ടെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് താനിപ്പോൾ നടന്നല്ലേ കാറില്‍ കയറിയതെന്നും കുഴപ്പമൊന്നുമില്ലെന്നും ആയിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. മിമിക്രി ആര്‍ട്ടിസ്റ്റും സിനിമാതാരവുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹന അപകടത്തിലാണ് ബിനു അടിമാലിക്കും പരിക്കേറ്റത്. തിങ്കളാഴ്‌ച (ജൂൺ 5) പുലർച്ചെ നാലരയോടെ തൃശൂര്‍ കയ്‌പമംഗലം പനമ്പിക്കുന്നിലായിരുന്നു കേരളക്കരയെ ദഃഖത്തിലാഴ്‌ത്തിയ അപകടം.
വടകരയിൽ നിന്നും ഒരു സ്വകാര്യ ചാനലിന്‍റെ പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ബിനു അടിമാലിക്ക് പുറമെ ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവർക്കും അപകടത്തില്‍ പരിക്കുണ്ട്.
അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്. ഉല്ലാസ് അരൂര്‍ ആണ് വാഹനം ഓടിച്ചിരുന്നത്. ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്‍വൈഎസ്, സാന്ത്വനം, ആക്‌ടസ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഇനിയില്ല ആ ചിരി: മിനി സ്ക്രീനിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതനായിരുന്ന കൊല്ലം സുധിയുടെ അകാല വിയോഗം നടുക്കത്തോടെയാണ് മലയാളികൾ കേട്ടത്. 16-ാം വയസില്‍ കലാരംഗത്ത് എത്തിയ കൊല്ലം സുധി mimicry artist kollam sudhi മിമിക്രി വേദികളിലൂടെയാണ് മലയാളിയുടെ പ്രിയപ്പെട്ട താരമായത്. പിന്നീട് ടെലിവിഷൻ കോമഡി റിയാലിറ്റി ഷോകളിലൂടെ കേരളത്തിലും വിദേശ മലയാളികൾക്കും കുടുംബ പ്രേക്ഷകർക്കും പ്രിയങ്കരനായി.
2015 മുതല്‍ സിനിമകളിലും സജീവമായിരുന്നു കൊല്ലം സുധി. 2015ല്‍ പുറത്തിറങ്ങിയ 'കാന്താരി' എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് എത്തിയ സുധി കോമഡി ഷോകളിലൂടെയും സ്റ്റേജ് പരിപാടികളിലൂടെയും മലയാളികളെ ഏറെ ചിരിപ്പിച്ച കലാകാരനാണ്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്‍റര്‍ നാഷണല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്‍റെ നാഥന്‍, എസ്‌കേപ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' അടക്കമുള്ള സിനിമകളിലെ അദ്ദേഹത്തിന്‍റെ പ്രകടനം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. അതേസമയം ദേശീയ പാത 66ല്‍ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ കയ്‌പമംഗലം സ്ഥിരം അപകട മേഖലയാണെന്നും റിപ്പോർട്ടുകൾ പുറത്തുവരികയുണ്ടായി. അടുത്തിടെ ലോറിക്ക് പിന്നില്‍ ടാങ്കർ ലോറിയിടിച്ച് ഒരാൾ മരിച്ചിരുന്നു. ഡ്രൈവർമാരുടെ കാഴ്‌ച മറയ്ക്കുന്ന വളവാണ് ഇവിടെ അപകടത്തിന് കാരണമായി വിലയിരുത്തുന്നത്.
ALSO READ:കൊല്ലം സുധിയുടെ സംസ്‌കാരം കോട്ടയത്ത് നടന്നു, അന്ത്യാഞ്‌ജലി അര്‍പ്പിക്കാനെത്തിയത് വന്‍ ജനാവലി