ബോഡി ഷെയ്‌മിങ് കമന്‍റിനെ കുറിച്ച് ബിജു സോപാനം തിരുവനന്തപുരം :സമൂഹ മാധ്യമങ്ങളിൽ തനിക്കെതിരെ ഉയർന്ന ബോഡി ഷെയ്‌മിങ് കമന്‍റുകളിൽ പ്രതികരിച്ച് സിനിമ-സീരിയൽ താരം ബിജു സോപാനം. ആര് കൊള്ളാമെന്ന് പറഞ്ഞാലും മോശമെന്ന് പറഞ്ഞാലും നമ്മൾ ചെയ്യുന്നത് എന്താണെന്ന് തിരിച്ചറിഞ്ഞാൽ പ്രശ്‌നമില്ലെന്ന് ബിജു സോപാനം പറഞ്ഞു. കേസരി ഹാളിൽ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ പുറത്തിറങ്ങിയ 'ലെയ്‌ക' എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിന്‍റെ വീഡിയോകളിലാണ് ബിജു സോപാനത്തെ പരിഹസിച്ച് കൊണ്ടുള്ള കമന്‍റുകൾ എത്തിയത്. 'ഒരു ഷെയ്പ്പുമില്ലാതെ ബലൂൺ പോലെ വീർത്ത ഇവനെ പണ്ട് എനിക്ക് ഇഷ്‌ടമായിരുന്നു' എന്നായിരുന്നു ബിജുവിനെതിരെ സാമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഒരു കമന്‍റ് .
ഈ ശരീരം ഉള്ളത് കൊണ്ടാണ് തനിക്ക് വേഷങ്ങൾ കിട്ടുന്നത്. മെലിഞ്ഞിരുന്നെങ്കിൽ ഈ വേഷങ്ങൾ കിട്ടുമായിരുന്നില്ല. അതുകൊണ്ട് മെലിയാൻ ഉദ്ദേശിക്കുന്നില്ലെന്നും ബിജു സോപാനം പറഞ്ഞു. എന്നാൽ സമൂഹ മാധ്യമങ്ങളിൽ വന്ന മറ്റൊരു കമന്‍റ് തന്നെ മാനസികമായി വേദനിപ്പിച്ചെന്നും ബിജു സോപാനം പറഞ്ഞു. 'കാവാലത്തിന്‍റെ തഴമ്പ് ഉണ്ടെന്ന് അവകാശപ്പെടുന്ന ഇയാൾ ജനങ്ങളെ വശീകരിക്കാൻ വേണ്ടി കാണിക്കുന്ന ഭവ്യതയോടെയുള്ള സംസാരമാണ് സഹിക്കാൻ പറ്റാത്തത്' - എന്നായിരുന്നു ആ കമന്‍റ്.
22 വർഷം കാവാലം നാരായണപ്പണിക്കർക്കൊപ്പം നിന്ന ആളാണ് താൻ. അദ്ദേഹത്തിന്‍റെ ഒട്ടുമിക്ക സംസ്‌കൃത നാടകങ്ങളിലും പ്രധാന വേഷം കയ്യാളുകയും ചെയ്‌ത ആളാണ്. അവിടെ നിന്നാണ് തനിക്ക് കഞ്ഞി കുടിക്കാനുള്ള വക കിട്ടിയതെന്നും ബിജു സോപാനം പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങൾ സിനിമ കാണാതെ റിവ്യൂ നൽകുന്ന പ്രവണതയെയും ബിജു സോപാനം വിമർശിച്ചു.
മോശം സിനിമകളെ മോശം സിനിമ എന്ന് തന്നെ പറയാനുള്ള അവകാശമുണ്ട്. പക്ഷേ ഒരു സിനിമ മോശം ആണെങ്കിലും മുഖമടച്ച് ആക്ഷേപിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓൺലൈൻ മാധ്യമങ്ങൾ സിനിമ കാണാതെ റിവ്യൂ നൽകുന്നത് ഒരാളുടെ സിനിമ എന്ന സ്വപ്‌നത്തെയാണ് ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലെയ്‌ക എന്ന സിനിമയെ കുറിച്ച് ആലോചിച്ച് തുടങ്ങുമ്പോൾ തന്നെ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് സംവിധായകൻ ആഷാദ് ശിവരാമൻ പറഞ്ഞു.
ടെലിവിഷൻ മേഖലയിലെ അഭിനേതാക്കളെ വച്ച് സിനിമ ചെയ്യുമ്പോൾ അത് ഒരിക്കലും വിജയിക്കാൻ സാധ്യതയില്ലെന്ന് പറഞ്ഞാണ് പിന്തിരിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ ആ ധാരണ തെറ്റാണെന്ന് മലയാള സിനിമ പ്രേക്ഷകർ തെളിയിച്ചെന്നും സംവിധായകൻ പറഞ്ഞു. നായയുടെയും മനുഷ്യന്‍റെയും ആത്മബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് 'ലെയ്‌ക'. ഡോക്‌ടര്‍ ആഷാദ് ശിവരാമൻ സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രമാണിത്.
ഒരു നായയാണ് ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രം. ബിജു സോപാനവും നിഷ സാരംഗും ആദ്യമായി വെള്ളിത്തിരയിൽ മുഴുനീള വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നാസർ, സുധീഷ്, വിജിലേഷ്, ബൈജു സന്തോഷ്, അരിസ്റ്റോ സുരേഷ്, സിബി തോമസ്, സേതു ലക്ഷ്‌മി, നോബി മാർക്കോസ്, നന്ദന വർമ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. വി. പി. എസ് ആൻഡ് സൺസ് മീഡിയയുടെ ബാനറിൽ ഡോക്‌ടർ ഷംനാദും ഡോക്‌ടർ രഞ്ജിത്ത് മണിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.