വിനീത് ശ്രീനിവാസനും ബിജു മേനോനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തങ്കത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. ഏതാണ്ട് 90 ദിവസമെടുത്താണ് നിർമാതാക്കൾ തങ്കം ചിത്രീകരിച്ചിരിക്കുന്നത്.
പ്രേക്ഷക പ്രശംസ ഏറെ പിടിച്ചുപറ്റിയ ദിലീഷ് പോത്തന്‍റെ ജോജിയിൽ സഹസംവിധായകനായിരുന്ന സഹീദ് അറഫാത്താണ് തങ്കം സംവിധാനം ചെയ്യുന്നത്. 2017 ല്‍ പുറത്തിറങ്ങിയ തീരത്തിലൂടെയാണ് സഹീദ് അറഫാത്ത് സംവിധായകന്‍റെ കുപ്പായം അണിയുന്നത്. ശ്യാം പുഷ്‌കരൻ തിരക്കഥയെഴുതിയ തങ്കം ഒരു ക്രൈം ഡ്രാമയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഗൗതം ശങ്കർ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ബിജിബാലാണ്. കിരൺ ദാസാണ് എഡിറ്റിങ്. ഗിരീഷ് കുല്‍ക്കര്‍ണി, അപര്‍ണ ബാലമുരളി, ഉണ്ണിമായ പ്രസാദ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
വര്‍ക്കിങ് ക്ലാസ് ഹീറോസ്, ഭാവന സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്. 2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ച ആറ് പേര്‍ ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും തങ്കം സിനിമയ്‌ക്കുണ്ട്. തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍, സംവിധായകരായ ദിലീഷ് പോത്തന്‍, വിനീത് ശ്രീനിവാസന്‍, അഭിനേതാക്കളായ ബിജു മേനോന്‍, ഉണ്ണിമായ പ്രസാദ്, കലാസംവിധായകനായ ഗോകുല്‍ ദാസ് എന്നിവര്‍ക്കാണ് സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചത്.
ഫഹദ് ഫാസിലിനെ നായകനാക്കി തീരുമാനിച്ച ചിത്രമായിരുന്നു തങ്കം. എന്നാല്‍ പിന്നീട് വിനീത് ശ്രീനിവാസന്‍, ബിജു മേനോന്‍ എന്നിവര്‍ സിനിമയിലേക്ക് എത്തുകയായിരുന്നു. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രമെന്ന നിലയില്‍ വലിയ ആകാംക്ഷകളോടെയാണ് സിനിമാപ്രേമികള്‍ തങ്കത്തിനായി കാത്തിരിക്കുന്നത്.