റാംപിലെ വിനോദവും ഉല്ലാസവും തനിക്ക് നഷ്‌ടമായെന്ന് ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍. തിങ്കളാഴ്‌ച രാവിലെ തന്നെ റാംപിലെ ഒരു പഴയ ചിത്രം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. പങ്കുവച്ച ചിത്രത്തില്‍ കറുത്ത കുര്‍ത്ത പൈജാമയാണ് താരം ധരിച്ചിരിക്കുന്നത്.
വെള്ള നിറത്തിലുള്ള എംബ്രോയ്‌ഡറി വര്‍ക്ക് കൊണ്ട് കറുത്ത കുര്‍ത്തയില്‍ അലങ്കരിച്ചിട്ടുണ്ട്. വസ്‌ത്രത്തിന് അനുയോജ്യമായ തരത്തില്‍ കറുത്ത ഷെയ്‌ഡുള്ള വെള്ള നിറമുള്ള ഷൂസാണ് താരം ധരിച്ചിരിക്കുന്നത്. ഒരു കറുത്ത കണ്ണടയും താരം അണിഞ്ഞിട്ടുണ്ട്.
ചിത്രത്തിനൊപ്പം ഒരു അടിക്കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. 'തന്‍റെ തിരിച്ച് വരവിനായി പ്രാര്‍ഥിക്കുകയും ആശംസിക്കുകയും ചെയ്‌ത തന്‍റെ എല്ലാ ആരാധകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി. ഞാന്‍ സുഖം പ്രാപിച്ച് വരുന്നു. ഉടന്‍ തന്നെ റാംപിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.' -അമിതാഭ് ബച്ചന്‍ കുറിച്ചു.
താരം പോസ്‌റ്റ് പങ്കുവച്ചതിന് പിന്നാലെ കമന്‍റുകളുമായി ആരാധകരും രംഗത്തെത്തി. 'ഒരേയൊരു ഇതിഹാസം നീണാൾ വാഴട്ടെ.' 'നിങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു, നിങ്ങളുടെ സഹിഷ്‌ണുത കൊണ്ട് അവരെ കൂടുതൽ പ്രചോദിപ്പിക്കാൻ അവർ പ്രാർത്ഥിക്കുന്നു.'-മറ്റൊരാൾ എഴുതി.
തന്‍റെ ബ്ലോഗിലൂടെയാണ് അമിതാഭ് ബച്ചന്‍ തനിക്ക് പരിക്ക് പറ്റിയ വിവരം പങ്കുവച്ചത്. ഹൈദരാബാദില്‍ 'പ്രോജക്‌ട് കെ' എന്ന സിനിമയുടെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. ബച്ചന്‍റെ വലതു ഭാഗത്ത് വാരിയെല്ല് പൊട്ടി, പേശികള്‍ക്കും ഗുരുതരമായ പരുക്കേറ്റിരുന്നു. സംഭവത്തെ തുടർന്ന് ചിത്രീകരണം നിര്‍ത്തിവച്ച് താരത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ എഐജി ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം താരം മുംബൈയിലേയ്‌ക്ക് മടങ്ങി.