ടിജി രവി, അക്ഷയ് രാധാകൃഷ്‌ണന്‍, നന്ദന രാജന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'ഭഗവാന്‍ ദാസന്‍റെ രാമരാജ്യം'. ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പിലാണ് സിനിമയുടെ സംവിധാനം. റോബിന്‍ റീല്‍സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ റെയ്‌സണ്‍ കല്ലടയില്‍ ആണ് സിനിമയുടെ നിര്‍മാണം.
ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തിലായാണ് 'ഭഗവാന്‍ ദാസന്‍റെ രാമരാജ്യം' ഒരുക്കിയിരിക്കുന്നത്. ഒരു ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന ബാലെയും, അതിനോടനുബന്ധിച്ചുണ്ടാകുന്ന ചില പ്രശ്‌നങ്ങളുമാണ് ചിത്ര പശ്ചാത്തലം. ഒക്‌ടോബര്‍ 31നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
ഇപ്പോഴിതാ സിനിമയുടെ പുതിയ ക്യാരക്‌ടര്‍ പോസ്‌റ്ററാണ് ശ്രദ്ധേയമാവുന്നത്. ഏറ്റവും ഒടുവിലായി ചിത്രത്തിലെ നന്ദന രാജന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. രമ്യ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നന്ദന അവതരിപ്പിക്കുന്നത്.
നേരത്തെ സിനിമയില്‍ നിന്നുള്ള അക്ഷയ് രാധാകൃഷ്‌ണന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്ററും പുറത്തിറങ്ങിയിരുന്നു. ആദി എന്ന കഥാപാത്രത്തെയാണ് 'ഭഗവാന്‍ ദാസന്‍റെ രാമരാജ്യ'ത്തില്‍ അക്ഷയ് രാധാകൃഷ്‌ണന്‍ അവതരിപ്പിക്കുന്നത്.
'ഭഗവാന്‍ ദാസന്‍റെ രാമരാജ്യം' എന്ന പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപനം മുതല്‍ ചിത്രം മാധ്യമശ്രദ്ധ നേടിയിരുന്നു. സിനിമയിലെ 'ലാമ ലാമ' എന്ന ഗാനത്തിന്‍റെ ടീസറും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മാപ്പിള രാമായണത്തിന്‍റെ ശൈലിയില്‍ ആണ് 'ലാമ ലാമ' ഗാനത്തിന്‍റെ വരികള്‍ തയ്യാറാക്കിയിരിക്കുന്നത്. ഗണേഷ് മലയത്തിന്‍റെ ഗാനരചനയില്‍ വിഷ്‌ണു ശിവശങ്കറുടെ സംഗീതത്തില്‍ സൂരജ് സന്തോഷ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
അക്ഷയ് രാധാകൃഷ്‌ണന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ സിനിമയുടെ സോംഗ് ടീസറില്‍ നിന്ന് വ്യത്യസ്‌തമായ ദൃശ്യവത്‌കരണവുമായി ഗായകന്‍ സൂരജ് സന്തോഷ് തന്നെ പാടി അഭിനയിച്ച സിഗ്‌നേച്ചര്‍ വേര്‍ഷനും പുറത്തിറങ്ങിയിരുന്നു. 'ലാമ ലാമ'യുടെ ഈ സിഗ്‌നേച്ചര്‍ വേര്‍ഷന്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി മാറിയിരുന്നു. മലയാള സിനിമയില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു ഗാനം പുറത്തിറങ്ങുന്നത്.
ഇര്‍ഷാദ് അലി, മണികണ്‌ഠന്‍ പട്ടാമ്പി, ശ്രീജിത്ത് രവി, പ്രശാന്ത് മുരളി, നിയാസ് ബക്കര്‍, അനൂപ് കൃഷ്‌ണ, മാസ്‌റ്റര്‍ വസിഷ്‌ഠ് വരുണ്‍ ധാര എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തും. ഫെബിന്‍ സിദ്ധാര്‍ഥ് ആണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഷിഹാബ് ഓങ്ങല്ലൂര്‍ ഛായാഗ്രഹണവും മിഥുന്‍ കെ.ആര്‍ എഡിറ്റിംഗും നിര്‍വഹിക്കും. ജിജോയ് ജോര്‍ജ്, ഗണേഷ് മലയത്ത് എന്നിവരുടെ ഗാന രചനയില്‍ വിഷ്‌ണു ശിവശങ്കര്‍ ആണ് സംഗീതം.
Also Read:'മനസ്സുകളിലെ നിഗൂഢതകളിലൂടെ പറയുന്ന കഥ, ആ 8 പേരില്‍ ഒരാള്‍ നമ്മളാവാം' ; 'നല്ല നിലാവുള്ള രാത്രി' ഉടന്‍ തിയേറ്ററുകളില്‍
സഹ സംവിധാനം - വിശാല്‍ വിശ്വനാഥന്‍, ചീഫ് എക്‌സിക്യുട്ടീവ് ഡയറക്‌ടര്‍ - ദിനില്‍ ബാബു, കലാ സംവിധാനം - സജി കോടനാട്, പരസ്യകല - ബൈജു ബാലകൃഷ്‌ണന്‍, ചമയം - നരസിംഹ സ്വാമി, വസ്‌ത്രാലങ്കാരം - ഫെമിന ജബ്ബാര്‍, സംഘട്ടനം - വിന്‍ വീര, പ്രോജക്‌ട് ഡിസൈന്‍ - രജീഷ് പത്തംകുളം, സൗണ്ട് ഡിസൈന്‍ - ധനുഷ് നായനാര്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - രാജീവ് പിള്ളത്ത്, വിഎഫ്‌എക്‌സ് - ഫ്രെയിംസ് ഫാക്‌ടറി, ഡിജിറ്റര്‍ മാര്‍ക്കറ്റിംഗ് - ആഷിഫ് അലി.