ഹൈദരാബാദ് :മികച്ച ഡോക്യുമെന്‍ററി വിഭാഗത്തില്‍ ഓസ്‌കര്‍ നേടിയ ദി എലിഫന്‍റ് വിസ്‌പറേഴ്‌സിന്‍റെ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസിനെതിരെ ഗുരുതര ആരോപണവുമായി ചിത്രത്തിന്‍റെ ഭാഗമായ ബെല്ലിയും ബൊമ്മനും. തങ്ങള്‍ക്ക് ഒരുലക്ഷം രൂപ നല്‍കാന്‍ ഉണ്ടെന്നും പണം ആവശ്യപ്പെട്ട് ബന്ധപ്പെട്ടപ്പോള്‍ അവഗണിക്കുകയായിരുന്നുവെന്നും ബെല്ലിയും ബൊമ്മനും അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ആരോപിച്ചു. ഡോക്യുമെന്‍ററി ചിത്രീകരണ വേളയില്‍ വളരെ അടുപ്പത്തിലായിരുന്ന കാര്‍ത്തികി ഓസ്‌കര്‍ ലഭിച്ചതോടെ മറ്റൊരാളായി മാറിയെന്ന് ഇവര്‍ പറയുന്നു.
'ഡോക്യുമെന്‍ററിയുടെ ചിത്രീകരണം നടന്നുകൊണ്ടിരുന്നപ്പോള്‍ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് ഞങ്ങളോട് വളരെ നല്ലരീതിയില്‍ തന്നെയാണ് പെരുമാറിയത്. ഒരു ദിവസം ഷൂട്ടിങ്ങിനിടയില്‍ അവര്‍ ഞങ്ങളുടെ അടുത്ത് വന്ന് വിവാഹ രംഗം ചിത്രീകരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് അറിയിച്ചു. അവരുടെ കയ്യില്‍ അതിനാവശ്യമായ പണം ഇല്ലെന്നും അതിനാല്‍ ആ പണം ഞങ്ങളോട് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു.
കൊച്ചുമകളുടെ വിദ്യാഭ്യാസത്തിനായി ബെല്ലി കരുതിവച്ചിരുന്ന പണം എടുത്ത് ഞങ്ങള്‍ കാര്‍ത്തികിക്ക് നല്‍കി. വിവാഹ സീക്വന്‍സുകള്‍ ചിത്രീകരിക്കാന്‍ ഒരുലക്ഷത്തോളം രൂപ ചെലവായി. പിന്നീട് ഞങ്ങള്‍ കാര്‍ത്തികിയെ വിളിച്ചപ്പോള്‍ പണം തിരികെ തരാമെന്ന് അവര്‍ പറഞ്ഞു. പക്ഷേ ഇന്നുവരെ അത് തിരികെ തന്നിട്ടില്ല. ഞങ്ങള്‍ അവരെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ താന്‍ തിരക്കിലാണെന്നും പിന്നീട് വിളിക്കാമെന്നും പറഞ്ഞ് കട്ട് ചെയ്‌തു' - ബെല്ലിയും ബൊമ്മനും പറഞ്ഞു.