ബ്രഹ്മാണ്ഡ സംവിധായകന്‍ എസ്എസ് രാജമൗലിയുടെ 'ഛത്രപതി' എന്ന സിനിമയുടെ ഹിന്ദി റീമേക്കിന്‍റെ ടീസര്‍ പുറത്തുവിട്ട് നിര്‍മാതാക്കള്‍. നടന്‍ ബെല്ലംകൊണ്ട ശ്രീനിവാസ് ആണ് ടീസര്‍ തന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
'ആക്ഷന്‍ ആരംഭിക്കട്ടെ! ഛത്രപതി ടീസര്‍ പുറത്തിറങ്ങി. രചന-വിജയേന്ദ്ര പ്രസാദ്, സംവിധാനം വി വി വിനായക്. 2023 മെയ് 12ന് ഛത്രപതി തിയേറ്ററുകളില്‍ എത്തും' -ബെല്ലംകൊണ്ട ശ്രീനിവാസ് കുറിച്ചു. നസ്രത്ത്, ഭാഗ്യശ്രീ, ശരദ്, പെന്‍ മൂവീസ്, ടൈംസ് മ്യൂസിക് ഹബ് എന്നിവരെ ടാഗ് ചെയ്‌തും ജയന്തിലാല്‍ ഗാഡ, പെന്‍ സ്‌റ്റുഡിയോസ്, പെന്‍ മരുധര്‍, തനിഷ്‌ക് ബഗ്‌ചി എന്നീ ഹാഷ്‌ടാഗുകളോട് കൂടിയുമാണ് ബെല്ലംകൊണ്ട ശ്രീനിവാസ് ടീസര്‍ പങ്കുവച്ചത്. ട്രേഡ് അനലിസ്‌റ്റ് തരണ്‍ ആദര്‍ശും ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
ബെല്ലംകൊണ്ടയുടെ അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളോട് കൂടിയുള്ളതാണ് ടീസര്‍. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിലുടനീളം നടന്‍റെ ഫൈറ്റിങ്ങും മാസ് ആക്ഷനുകളുമാണ് കാണാനാവുക. 'സീത', 'അല്ലുഡു അദുർസ്', 'കവചം' തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രശസ്‌തനാണ് ബെല്ലംകൊണ്ട ശ്രീനിവാസ്. നടന്‍റെ ബോളിവുഡ് അരങ്ങേറ്റത്തെ അടയാളപ്പെടുത്തുന്ന ചിത്രംകൂടിയാണ് 'ഛത്രപതി'.
അടിച്ചമർത്തലുകൾക്കെതിരെ ഉയർന്നു വന്ന ഒരു നായകന്‍റെ കഥയാണ് 'ഛത്രപതി' പറയുന്നത്. വി വി വിനായക് ആണ് 'ഛത്രപതി'യുടെ ഹിന്ദി പതിപ്പിന്‍റെ സംവിധായകന്‍. 2023 മെയ് 12ന് ചിത്രം തിയേറ്ററുകളിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. നസ്രത്ത് ബറൂച്ച, ഭാഗ്യശ്രീ, ശരദ് കേൽക്കർ, സാഹിൽ വൈദ്, അമിത് നായർ, രാജേന്ദ്ര ഗുപ്‌ത, ശിവം പാട്ടീൽ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.