നടനും സംവിധായകനുമായ ബേസില്‍ ജോസഫ് വര്‍ഷങ്ങള്‍ക്ക് ശേഷം തന്‍റെ പഴയ ജോലി സ്ഥാപനം സന്ദര്‍ശിച്ചിരുന്നു. എഞ്ചിനിയറിംഗ് ബിരുദധാരിയായ ബേസില്‍, സംവിധായകന്‍ ആകുന്നതിന് മുമ്പ് തിരുവനന്തപുരത്ത് ഇന്‍ഫോസിസ് ജീവനക്കാരന്‍ ആയിരുന്നു. ഇപ്പോഴിതാ തന്‍റെ പഴയ സഹപ്രവര്‍ത്തകരെ കണ്ടുമുട്ടിയ സന്തോഷം ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് ബേസില്‍.
'ഞാൻ എല്ലാം ആരംഭിച്ചിടത്തേക്ക് മടങ്ങിയെത്തിയപ്പോള്‍. തിരുവനന്തപുരത്ത് ഇൻഫോസിസിലുള്ള എന്‍റെ മുന്‍ സഹപ്രവര്‍ത്തകരുടെ അവിശ്വസനീയമായ സ്വീകരണത്തിന് ഞാൻ നന്ദി പറയുന്നു. ഒരിക്കൽ എന്‍റെ കരകൗശല വിദ്യയെ ഞാൻ മെച്ചപ്പെടുത്തിയ അതേ വേദിയിൽ വീണ്ടും നിൽക്കുക എന്നത് ഒരു സ്വപ്‌ന സാക്ഷാത്കാരമാണ്. സ്നേഹത്തിനും ഓർമകൾക്കും നന്ദി! ഒരിക്കൽ ഞാന്‍ ഒരു ഇൻഫോഷൻ, എല്ലായ്‌പ്പോഴും ഒരു ഇൻഫോഷൻ!' -ബേസില്‍ ജോസഫ് കുറിച്ചു. (ഇന്‍ഫോസിസ് ജീവനക്കാരെയാണ് ഇൻഫോഷൻ എന്ന് വിളിക്കുന്നത്.)
ബേസിലിന്‍റെ പോസ്‌റ്റിന് പിന്നാലെ ചുവന്ന ഹാര്‍ട്ട് ഇമോജികളും ലൈക്ക് ഇമോജികളുമായി നിരവധി ആരാധകര്‍ ഒഴുകിയെത്തി. 'ഇവിടെ വന്ന് പോസിറ്റീവ് വൈബുകള്‍ സൃഷ്‌ടിച്ച ബേസിലിന് നന്ദി.' -ഇപ്രകാരമാണ് ഒരു കമന്‍റ്. 'ബേസിൽ നന്ദി. നിങ്ങൾ ഗംഭീരമാണ്. എല്ലായ്‌പ്പോഴും നിങ്ങള്‍ ഡൗൺ ടു എർത്ത് ആണ്.' -മറ്റൊരാള്‍ കുറിച്ചു.
2021ല്‍ പുറത്തിറങ്ങിയ 'മിന്നല്‍ മുരളി'യാണ് ബേസില്‍ ജോസഫ് ഏറ്റവും ഒടുവിലായി സംവിധാനം ചെയ്‌ത ചിത്രം. ബേസിലിന്‍റെ ജീവിതത്തില്‍ ഒരുപാട് നേട്ടങ്ങള്‍ സൃഷ്‌ടിച്ച ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോയായി എത്തിയ സിനിമയിലൂടെ ബേസില്‍ അന്താരാഷ്‌ട്ര തലത്തിലും ശ്രദ്ധിക്കപ്പെട്ടു.
2022ല്‍ സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ബേസിലിന് ലഭിച്ചിരുന്നു. ഈ പുരസ്‌കാരത്തിനായി 16 രാജ്യങ്ങള്‍ മത്സരിച്ചിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സോഷ്യല്‍ മീഡിയയിലൂടെ സന്തോഷം പങ്കുവച്ച് ബേസില്‍ എത്തിയിരുന്നു.
'സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022ല്‍, 16 രാജ്യങ്ങളില്‍ നിന്ന് മികച്ച സംവിധായകനായി എന്നെ തിരഞ്ഞെടുത്തതില്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. മലയാള സിനിമ ഇന്‍ഡസ്‌ട്രിയുടെ ഭാഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വേദിയില്‍ നില്‍ക്കാന്‍ കഴിഞ്ഞതിലും എനിക്ക് വളരെ അഭിമാനമുണ്ട്.
ഈ ലഭിച്ച പുരസ്‌കാരം നമ്മെ ആഗോള തലത്തിലേക്ക് ഉയര്‍ത്തുമെന്ന് എനിക്ക് ഉറപ്പാണ്. സിനിമയിലെ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും നെറ്റ്ഫ്ലിക്‌സിനും ഞാന്‍ ഹൃദയം കൊണ്ട് ആലിംഗനം ചെയ്യുന്നു. എന്നെ വിശ്വസിച്ച് സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ സൂപ്പര്‍ ഹീറോ ഉണ്ടാവില്ലായിരുന്നു', -ഇപ്രകാരമാണ് ബേസില്‍ ജോസഫ് ഫേസ്‌ബുക്കില്‍ കുറിച്ചത്.
വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2015ല്‍ സംവിധാനം ചെയ്‌ത 'കുഞ്ഞിരാമായണം' ആയിരുന്നു ബേസില്‍ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രം. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി 2017ല്‍ ഒരുക്കിയ 'ഗോദ'യാണ് ബേസിലിന്‍റെ രണ്ടാമത്തെ ചിത്രം. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ബേസില്‍ - ടൊവിനോ കൂട്ടുക്കെട്ട് ഒന്നിച്ചപ്പോള്‍ അത് മലയാള സിനിമയ്‌ക്ക് പുതിയൊരു ദൃശ്യാനുഭവം സമ്മാനിച്ചു.
Also Read:മലയാളികള്‍ക്ക് അഭിമാനമായി ബേസില്‍ ജോസഫ്; ഏഷ്യന്‍ അക്കാദമി അവാര്‍ഡ്‌സില്‍ മികച്ച സംവിധായകനുളള പുരസ്‌കാരം