നടന് ബാബുരാജിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വ്യാജ വാര്‍ത്തയോട് പ്രതികരിച്ച് നടന്‍ ബാബുരാജ് തന്നെ രംഗത്തെത്തി. തനിക്കെതിരെ വന്ന വ്യാജ വാര്‍ത്തകള്‍ക്ക് രസകരമായ മറുപടിയുമായാണ് നടന്‍ രംഗത്തെത്തിയിരിക്കുന്നത്. ജിമ്മില്‍ വ്യായാമം ചെയ്യുന്ന തന്‍റെ വര്‍ക്കൗട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് കൊണ്ടാണ് തന്‍റെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടന്‍ ശക്തമായി പ്രതികരിച്ചിരിക്കുന്നത്.
'കാര്‍ഡിയോ വര്‍ക്കൗട്ട് ചെയ്യുകയാണ്. അല്ലാതെ ആശുപത്രിയിലെ കാര്‍ഡിയോ വാര്‍ഡില്‍ അല്ല ഞാന്‍' -എന്ന അടിക്കുറിപ്പോട് കൂടിയാണ് താരം വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തലയ്‌ക്ക് മീതേ ശൂന്യാകാശം താഴെ മരുഭൂമി എന്ന സിനിമ ഗാനവും തന്‍റെ വര്‍ക്കൗട്ട് വീഡിയോയില്‍ താരം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബാബുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്. നടന് വേണ്ടി എല്ലാവരും പ്രാര്‍ഥനയോടെ കാത്തിരിക്കണമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ വ്യാജ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ബാബു രാജ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ നടന്‍മാരില്‍ ഒരാളാണ് ബാബുരാജ്. ഒരു കാലത്ത് സ്ഥിരം വില്ലന്‍ വേഷങ്ങളില്‍ ഒതുങ്ങിക്കൂടിയ നടന്‍ പിന്നീട് കോമഡിയിലേക്ക് ചുവടുമാറ്റം നടത്തുകയായിരുന്നു. ഇത് നടന്‍റെ കരിയറിലെ മികച്ച വഴിത്തിരിവായി മാറുകയും ചെയ്‌തു. അഭിനയം കൂടാതെ തിരക്കഥ, സംവിധാനം, നിര്‍മാണം എന്നീ രംഗത്തും ബാബുരാജ് തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ബാബുരാജ് ഏറ്റവും ഒടുവിലായി വേഷമിട്ട ചിത്രമാണ് 'നല്ല നിലാവുള്ള രാത്രി'. സിനിമയുടെ ലൊക്കേഷനില്‍ വച്ച് ബാബുരാജിന് അട്ട കടിയേറ്റ് മൂന്ന് തവണ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നുവെന്ന് സാന്ദ്ര തോമസ് പറഞ്ഞിരുന്നു.